ഹൂസ്റ്റണിൽ സീനിയർ മിനിസ്ട്രിയുടെ സമ്മർ ആഘോഷം

Global Indian Writer · July 1, 2026 · 1 min read · 0 Comments · 0 Shares

ബിബി തെക്കനാട്ട്

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന ഇടവകയിലെ സീനിയർ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ പ്രശസ്തമായ ഹെർമൻ പാർക്കിൽ വെച്ച് വിപുലമായ രീതിയിൽ സമ്മർ ആഘോഷം നടത്തി. മുതിർന്നവർക്കായി സംഘടിപ്പിച്ച ഈ ഒത്തുചേരൽ ഏറെ ആനന്ദകരവും അവിസ്മരണീയവുമായിരുന്നു.

ആഘോഷങ്ങളുടെ ഭാഗമായി പാർക്കിലൂടെയുള്ള മനോഹരമായ ട്രെയിൻ യാത്രയും വിവിധ തരത്തിലുള്ള വിനോദ പരിപാടികളും അംഗങ്ങൾക്കായി ഒരുക്കിയിരുന്നു. തുടർന്ന് വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു. ചടങ്ങുകൾക്ക് സീനിയർ മിനിസ്ട്രിയുടെ ഭാരവാഹികളോടൊപ്പം വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, സിസ്റ്റർ റെജി S.J.C., ബിബി തെക്കനാട്ട് എന്നിവർ നേതൃത്വം നല്കി.

സെന്റ് മേരീസ് ഇടവകയിലെ സീനിയർ മിനിസ്ട്രി ഏറെ സജീവമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. എല്ലാ ബുധനാഴ്ചകളിലും പള്ളിയിൽ വെച്ച് ഈ കൂട്ടായ്മയിലെ അംഗങ്ങൾ ഒത്തുചേരാറുണ്ട്. ഈ ദിവസങ്ങളിൽ വിശുദ്ധ കുർബാനയിൽ പങ്കുചേരുകയും, ജപമാല ചൊല്ലി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഇതിനുപുറമേ, മുതിർന്നവരുടെ ശാരീരിക-മാനസിക ആരോഗ്യത്തിനായി വിവിധ വിനോദങ്ങൾ, ചർച്ചകൾ, ലഘു വ്യായാമങ്ങൾ എന്നിവയും ഇതോടൊപ്പം നടത്തിവരുന്നു. ഒടുവിൽ ഒന്നിച്ച് ഉച്ചഭക്ഷണവും കഴിച്ചാണ് ഇവർ പിരിയുന്നത്.

ആത്മീയവും സാമൂഹികവുമായ ഈ പ്രവർത്തനങ്ങൾക്ക് പുറമേ, എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവകാംഗങ്ങൾക്കായി പ്രഭാതഭക്ഷണം ഒരുക്കി നൽകുന്നതിനും ഈ സീനിയർ മിനിസ്ട്രി നേതൃത്വം നൽകുന്നുണ്ട്. ഇടവക സമൂഹത്തിന് വലിയ മാതൃകയാണ് ഈ മുതിർന്നവരുടെ കൂട്ടായ്മ നൽകുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.