അമേരിക്കയിൽ ജനിച്ചാലുടൻ പൗരത്വം നൽകുന്ന നിയമം നിർത്തലാക്കണം; കോടതി വിധിക്ക് പിന്നാലെ കോൺഗ്രസിനോട് ട്രംപ്

Global Indian Writer · July 1, 2026 · 1 min read · 0 Comments · 0 Shares

(എബി മക്കപ്പുഴ)

വാഷിംഗ്‌ടൺ;അമേരിക്കൻ ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരം നിലവിലുള്ള ഈ പൗരത്വ അവകാശം നിലനിർത്താൻ 6-3 ഭൂരിപക്ഷത്തോടെയാണ് സുപ്രീം കോടതി വിധിച്ചത്
അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വയമേവ പൗരത്വം നൽകുന്ന ‘ജന്മാവകാശ പൗരത്വം” നിർത്തലാക്കാൻ കോൺഗ്രസ് നിയമനിർമ്മാണം നടത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പൗരത്വ നിയമം നിയന്ത്രിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം യുഎസ് സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് പ്രസിഡന്റിന്റെ പുതിയ നീക്കം. അമേരിക്കൻ ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരം നിലവിലുള്ള ഈ പൗരത്വ അവകാശം നിലനിർത്താൻ 6-3 ഭൂരിപക്ഷത്തോടെയാണ് സുപ്രീം കോടതി വിധിച്ചത്. ഇത് ട്രംപിന്റെ പ്രധാന കുടിയേറ്റ നയങ്ങൾക്കേറ്റ കനത്ത തിരിച്ചടിയായി.

‘സുപ്രീം കോടതി ബർത്ത്‌റൈറ്റ് സിറ്റിസൺഷിപ്പ് നിലനിർത്തി, ഇത് നമ്മുടെ രാജ്യത്തിന് ദോഷകരമാണ്. എന്നാൽ പ്രസിഡന്റിന്റെ പിന്തുണയോടെ കോൺഗ്രസ് നിയമനിർമ്മാണത്തിലൂടെ നമുക്കിത് എളുപ്പത്തിൽ മറികടക്കാൻ സാധിക്കും. അതിനായി ദൈർഘ്യമേറിയ ഭരണഘടനാ ഭേദഗതിയുടെ ആവശ്യമില്ല. രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യതയും അനീതിയുമായ ഈ നിയമം അവസാനിപ്പിക്കാൻ കോൺഗ്രസ് ഇന്നുമുതൽ പ്രവർത്തനം ആരംഭിക്കണം. എന്റെ പൂർണ്ണ പിന്തുണ ഇതിനുണ്ടാകും,’ ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

അനധികൃതമായി രാജ്യത്ത് കഴിയുന്നവരുടെയും താൽക്കാലിക വിസയിലുള്ളവരുടെയും കുട്ടികൾക്ക് അമേരിക്കൻ മണ്ണിൽ ജനിച്ചതുകൊണ്ട് മാത്രം പൗരത്വം നൽകുന്നത് തടയാനായിരുന്നു ട്രംപിന്റെ ശ്രമം. തന്റെ രണ്ടാം ഔദ്യോഗിക കാലാവധിയുടെ ആദ്യ ദിനം തന്നെ ട്രംപ് ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചിരുന്നു. എന്നാൽ, അമേരിക്കൻ മണ്ണിൽ ജനിക്കുന്ന ഏവർക്കും പൗരത്വം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14-ാം ഭേദഗതിക്ക് വിരുദ്ധമാണിതെന്ന് ചൂണ്ടിക്കാട്ടി ഫെഡറൽ കോടതികൾ ഈ ഉത്തരവ് തടഞ്ഞു. ഈ ലോവർ കോടതി വിധികൾ സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.