വാഷിങ്ടൺ: മുൻ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങിനിടെ ഇറാനിൽ ബോംബാക്രമണം നടത്തണമെന്ന് ആവശ്യപ്പെട്ട് തീവ്ര വലതുപക്ഷ പ്രവർത്തകയും ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായിയുമായ ലോറ ലൂമർ. ജൂലൈ 9-ന് നടക്കാനിരിക്കുന്ന ഖാംനഈയുടെ സംസ്കാര ചടങ്ങ് ഇസ്രായേലിന് തിരിച്ചടിക്കാനുള്ള മികച്ച അവസരമാണെന്ന രീതിയിലാണ് ലൂമർ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്.
ഖാംനഈയുടെ മൃതദേഹം സംസ്കാരത്തിനായി സൂക്ഷിച്ചിരിക്കുകയാണെന്നും വമ്പിച്ച രീതിയിലുള്ള സംസ്കാര ചടങ്ങുകൾ നടക്കുമെന്നും ഉള്ള റിപ്പോർട്ടുകൾക്ക് മറുപടിയായാണ് ലൂമർ വിവാദപരമായ കുറിപ്പ് പങ്കുവെച്ചത്. ‘ഖാംനഈയുടെ സംസ്കാരം? അത് ആക്രമിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്,’ എന്നാണ് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പിന്നീട് വന്ന മറ്റൊരു കമന്റിന് മറുപടിയായി, ‘അമേരിക്കയോ ഇസ്രായേൽ പ്രതിരോധ സേനയോ ഒരു കൂട്ടം ജിഹാദികളെ ബോംബിടുന്നത് കാണാനുള്ള അവസരം ഞാൻ ഒരിക്കലും നഷ്ടപ്പെടുത്തില്ല,’ എന്നും അവർ പറയുന്നുണ്ട്.
ഇസ്‍ലാമിനെതിരെയും ഇറാനുമായി സമാധാന ചർച്ചകൾ നടത്തുന്നതിനെതിരെയും നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുന്ന വ്യക്തിയാണ് ലൂമർ. ഇവർ മുമ്പും ഇത്തരത്തിൽ വിവാദപരമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഇറാനുമായുള്ള ചർച്ചകളെ പിന്തുണക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളെയും ഇവർ രൂക്ഷമായി വിമർശിക്കാറുണ്ട്.
ജൂലൈ 9-നാണ് ഇറാനിലെ മാശാദിലുള്ള ഇമാം റസയുടെ ആരാധനാലയത്തിൽ ഖാംനഈയുടെ സംസ്കാരം നടക്കുന്നത്. തെഹ്‌റാൻ, കോം, മാശാദ് എന്നിവിടങ്ങളിലായി ജൂലൈ 6, 7, 9 തീയതികളിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് നേരത്തെ ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മുഹറം മാസത്തിലെ ആദ്യ പത്ത് ദിവസങ്ങളിലെ മതപരമായ ആചാരങ്ങൾക്ക് ശേഷം ഈ ചടങ്ങുകൾ നടത്താനാണ് ഇറാൻ തീരുമാനിച്ചിരുന്നത്. ഏകദേശം രണ്ട് കോടിയിലധികം ആളുകൾ ഈ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് തെഹ്‌റാൻ അധികൃതർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 28-ന് തെഹ്‌റാനിൽ വെച്ച് നടന്ന വ്യോമാക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. തുടർന്ന് ഖാംനഈയുടെ മകൻ മുജ്തബ ഖാംനഈ ഇറാന്റെ പുതിയ പരമോന്നത നേതാവായി സ്ഥാനമേൽക്കുകയും ചെയ്തു.
നിലവിൽ യു.എസും ഇറാനും തമ്മിൽ 14 ഇന ധാരണാപത്രം പ്രകാരമുള്ള ചർച്ചകൾ രണ്ട് ഘട്ടങ്ങളിലായി നടത്തിയിട്ടുണ്ട്. സ്വിറ്റ്സർലൻഡിൽ വെച്ച് നേരിട്ടും ഖത്തറിൽ വെച്ച് മധ്യസ്ഥർ വഴിയുമാണ് ചർച്ച നടന്നത്. ഖാനംനഈയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷമാണ് അടുത്ത ചർച്ചകൾ നടക്കുക. ദോഹയിൽ വെച്ച് നടന്ന ചർച്ചയിൽ ഹുർമുസ് കടലിക്കും ഇറാന്റെ മരവിക്കപ്പെട്ട ആസ്തികളുമാണ് പ്രധാന വിഷയമായത്.
Leave a Comment
Your comment will be visible after admin approval.