‘ആസ്ട്രേലിയ ഞങ്ങളുടേത്’ -ആസ്ട്രേലിയൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മെൽബണിൽ പ്രതിഷേധം

Global Indian Writer · July 11, 2026 · 1 min read · 0 Comments · 0 Shares

മെൽബൺ: ആസ്ട്രേലിയൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മെൽബണിൽ പ്രതിഷേധം. പ്രധാനമന്ത്രി താമസിച്ചിരുന്ന ഹോട്ടലിൽ കയറിയ 22-കാരനായ കുടിയേറ്റവിരുദ്ധ പ്രവർത്തകൻ മുകളിലെ നിലയിലെ ബാൽക്കണിയിൽ നിന്ന് ഇന്ത്യക്കാരെയും കുടിയേറ്റത്തെയും വിമർശിച്ച് മുദ്രാവാക്യം മുഴക്കി.

‘ഇത് ആസ്ട്രേലിയയാണ്. ഇനി ഇവിടെ ഇന്ത്യക്കാർ വേണ്ട. കുടിയേറ്റം അവസാനിപ്പിക്കണം. ഈ രാജ്യം ആസ്ട്രേലിയക്കാർക്കുള്ളതാണ്’ എന്നായിരുന്നു ഇയാളുടെ ആക്രോശം. മോദി ഹോട്ടൽ ലോബിയിൽ ഉണ്ടായിരുന്ന സമയത്താണ് സംഭവം നടന്നത്. പ്രതിഷേധം ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇയാളെ ബലം പ്രയോഗിച്ച് സ്ഥലത്തുനിന്ന് മാറ്റി.

സംഭവത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ സുരക്ഷയെ ചൊല്ലി ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. കർശന സുരക്ഷാ ക്രമീകരണങ്ങൾ നിലനിന്നിരുന്നിട്ടും പ്രധാനമന്ത്രി താമസിച്ചിരുന്ന ഹോട്ടലിൽ ഇയാൾ എങ്ങനെ പ്രവേശിച്ചു, താമസസ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ എങ്ങനെ ലഭിച്ചു തുടങ്ങിയ കാര്യങ്ങളിൽ ആസ്ട്രേലിയൻ അധികൃതർ അന്വേഷണം ആരംഭിച്ചു. ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഇതിന് മുമ്പും മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ വംശജർക്കായി സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിൽ ഇയാൾ പ്രതിഷേധിക്കാൻ ശ്രമിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിപാടിയിൽ കടന്നുകയറി തടസ്സം സൃഷ്ടിക്കാനാണ് ശ്രമിച്ചതെന്നാണ് റിപ്പോർട്ട്.

Share this story

Leave a Comment

Your comment will be visible after admin approval.