ഇറാന്റെ അർദ്ധസൈനിക വിഭാഗമായ ഐആർജിസിക്ക് പിന്തുണ നൽകുന്നത് കുറ്റകരമാക്കുന്ന തീരുമാനവുമായി ബ്രിട്ടൻ

Global Indian Writer · July 14, 2026 · 1 min read · 0 Comments · 0 Shares

ബിജു കുളങ്ങര

ലണ്ടൻ: ഇറാന്റെ അർദ്ധസൈനിക വിഭാഗമായ ഐആർജിസിക്ക് (Islamic Revolutionary Guard Corps) പിന്തുണ നൽകുന്നത് കുറ്റകരമാക്കുന്ന നിർണായക തീരുമാനവുമായി ബ്രിട്ടൻ സർക്കാർ. ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് ഇന്ന് പാർലമെന്റിൽ നടത്തിയ പ്രഖ്യാപനത്തിലാണ് ഐആർജിസിയെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

പുതിയ നിയമപ്രകാരം ഐആർജിസിക്ക് അനുകൂലമായി പൊതുവേദികളിൽ അഭിപ്രായം പ്രകടിപ്പിക്കൽ, സംഘടനയെ സഹായിക്കൽ, അതിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകൽ എന്നിവയ്ക്ക് പരമാവധി 14 വർഷം വരെ തടവുശിക്ഷ ലഭിക്കാം. പാർലമെന്റിന്റെ അംഗീകാരം ലഭിച്ചാൽ നിയമം പ്രാബല്യത്തിൽ വരും.

ഐആർജിസിക്കൊപ്പം ഇസ്‌ലാമിക് മൂവ്മെന്റ് ഓഫ് കമ്പാനിയൻസ് ഓഫ് ദി റൈറ്റ്, റഷ്യൻ സൈനിക രഹസ്യാന്വേഷണ ഏജൻസിയായ ജിആർയുവുമായി ബന്ധപ്പെട്ട ഒരു സന്നദ്ധ വിഭാഗം എന്നിവയെയും ദേശീയ സുരക്ഷാ ഭീഷണിപ്പട്ടികയിൽ ഉൾപ്പെടുത്തി. ബ്രിട്ടനിലെ ജൂത, ഇസ്രയേൽ സമൂഹങ്ങളെ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഇറാൻ അനുകൂല സംഘടനകളാണെന്ന് സർക്കാർ ആരോപിക്കുന്നു.

ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീനിൽ മാർച്ചിൽ നാല് ഹട്സോള ആംബുലൻസുകൾക്ക് തീയിട്ട സംഭവമടക്കം ഏഴ് ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഐഎംസിആർ ഏറ്റെടുത്തതായി സർക്കാർ അറിയിച്ചു. ‘ഭീതി, വിഭജനം, അക്രമം എന്നിവ പരത്താൻ വിദേശ ശക്തികൾക്ക് ബ്രിട്ടനെ കളിസ്ഥലമാക്കാൻ അനുവദിക്കില്ല’ എന്നായിരുന്നു പ്രധാനമന്ത്രി കിയ സ്റ്റാമറിന്റെ പ്രതികരണം. പുതിയ നിയമം ഉപയോഗിച്ച് രാജ്യത്തിനുള്ളിൽ വിദേശ ശക്തികൾക്കായി പ്രവർത്തിക്കുന്നവരെ കൂടുതൽ എളുപ്പത്തിൽ വിചാരണ ചെയ്ത് ശിക്ഷിക്കാൻ കഴിയുമെന്നും കിയ സ്റ്റാമർ വ്യക്തമാക്കി.

Share this story

Leave a Comment

Your comment will be visible after admin approval.