തിരുവനന്തപുരം: ശബരിമലയിൽ കൂട്ടംതെറ്റിപ്പോകുന്ന തീർഥാടകരെ കണ്ടെത്താൻ എ.ഐ. അധിഷ്ഠിത തെർമൽ ക്യാമറകൾ വരും. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഇൻഫർമേഷൻ സെന്ററുകളിൽനിന്ന് വിവിധ ഭാഷകളിൽ കൂട്ടംതെറ്റിയവരുടെ പേര് ഉച്ചഭാഷിണിയിലൂടെ അറിയിക്കുന്നത് നിർത്തും. ‘എങ്കെയിരുന്താലും ഇങ്കേ വാ’ എന്നറിയപ്പെടുന്ന വിളിച്ചുപറയലാണ് ഇതോടെ അവസാനിക്കുക.
പുതുതായി 400 തെർമൽ ക്യാമറകളും അനുബന്ധസംവിധാനവും ഒരുക്കാനാണ് തീരുമാനം. കൊച്ചിയിൽനടന്ന ഡിജിറ്റൽ കോൺക്ലേവിൽ ഇതിന്റെ മാതൃക അവതരിപ്പിച്ചിരുന്നു. ലക്ഷക്കണക്കിന് തീർഥാടകരെത്തുന്ന ശബരിമലയിൽ കുട്ടികളും വയോധികരും ഉൾപ്പെടെ ഒട്ടേറെപ്പേരാണ് തിരക്കിനിടെ കൂട്ടംതെറ്റുന്നത്.
പ്രവർത്തനം ഇങ്ങനെ:
കൂട്ടംതെറ്റുന്ന ശബരിമല തീർത്ഥാടകരുടെ വിവരം ഇൻഫർമേഷൻ സെന്ററുകളിൽ ഒപ്പമുള്ളവർ അറിയിക്കുന്നു
കാണാതായ വ്യക്തിയുടെ ചിത്രം വെർച്വൽ ക്യൂവിനായി നൽകിയ ഡേറ്റയിൽനിന്നെടുത്ത് എ.ഐ. സംവിധാനത്തിൽ അപ്ലോഡ് ചെയ്യുന്നു
400 ക്യാമറകളിലെ ദൃശ്യങ്ങൾ എ.ഐ. പരിശോധിക്കും
മുഖം തിരിച്ചറിഞ്ഞാൽ കൺട്രോൾ റൂമിന് അലർട്ട് നൽകും
കാണാതായ വ്യക്തിയുള്ള സ്ഥലം തിരിച്ചറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുന്നു
കൂട്ടംതെറ്റിയയാളെ പോലീസ് കണ്ടെത്തി കൈമാറുന്നു
ക്യാമറകൾ സ്ഥാപിക്കുന്ന സ്ഥലങ്ങൾ
നിലയ്ക്കൽ – പാർക്കിങ് ഗ്രൗണ്ട്, ചെയിൻ സർവീസ് ബസ്സ്റ്റാൻഡ്
പമ്പ – ബസ്സ്റ്റാൻഡ്, സ്നാനഘട്ടം, ത്രിവേണി പാലം, ഗണപതി ക്ഷേത്രം
പമ്പ-സന്നിധാനം റൂട്ട് – നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടം, ക്യൂ കോംപ്ലക്സ്, ചരൽമേട്
സന്നിധാനം – നടപ്പന്തൽ, സോപാനം, പതിനെട്ടാംപടി, പ്രസാദ കൗണ്ടർ, അന്നദാനമണ്ഡപം, പാണ്ടിത്താവളം
Leave a Comment
Your comment will be visible after admin approval.