ടെൽ അവീവ്: ഇസ്രായേലിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇസ്രായേലി പ്രതിരോധ വിദഗ്ദ്ധൻ മരിച്ചു. ഇസ്രയേലിന്റെ പ്രതിരോധ-ആയുധ നിർമാണ കമ്പനിയായ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസിലെ മുതിർന്ന എൻജിനീയറായ മൈക്കൽ കാറ്റ്സ് ആണ് മരിച്ചത്. ഏപ്രിൽ അഞ്ചിന് ഹൈഫ നഗരത്തിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. വെള്ളിയാഴ്ചയാണ് മരണവിവരം ഇസ്രയേൽ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഇറാൻ നടത്തിയ ‘ഓപ്പറേഷൻ ട്രൂ പ്രോമിസ്-4’ മിസൈൽ ആക്രമണത്തിലാണ് മൈക്കൽ കാറ്റ്സിന് പരിക്കേറ്റത്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ഹൈഫയിലെ സിവിലിയൻ അപ്പാർട്ട്മെന്റുകൾക്ക് മുകളിൽ പതിക്കുകയായിരുന്നു. ശക്തമായ സ്ഫോടനത്തിൽ മൈക്കൽ കാറ്റ്സിന്റെ സമീപവാസികളായ ഒരേ കുടുംബത്തിലെ നാലുപേർ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പെട്ടാണ് കാറ്റ്സിന് തലക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റത്. ഉടൻ ഹൈഫയിലെ റംബാം മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയൺ ഡോമിന്റെ പ്രധാന ഘടകങ്ങൾ നിർമിക്കുന്ന റാഫേൽ കമ്പനിയുടെ ഗവേഷണ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന മേഖലയാണ് ഹൈഫ. ഏപ്രിൽ പകുതിയോടെ മുന്നൂറിലധികം ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളുമാണ് ഇറാൻ ഇസ്രയേലിന് നേരെ തൊടുത്തുവിട്ടത്. ഇസ്രയേലിന്റെ ആദ്യകാല മിസൈൽ പ്രതിരോധ പ്രോജക്റ്റുകളിൽ നിർണായക പങ്കുവഹിച്ചവരിൽ പ്രമുഖനാണ് മൈക്കൽ കാറ്റ്സ്.
Leave a Comment
Your comment will be visible after admin approval.