വിഎസ് അനുസ്മരണം ഉള്ള വാരാന്തപ്പതിപ്പ് ദേശാഭിമാനി പ്രസിദ്ധീകരിച്ചു. തിങ്കളാഴ്ചയിലെ പത്രത്തോടൊപ്പമാണ് വാരാന്തപതിപ്പ് പ്രസിദ്ധീകരിച്ചത്. വെഞ്ഞാറമൂട്ടിലെ നാടക പ്രവർത്തകനെ പ്പറ്റിയുള്ള ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി. സാങ്കേതിക കാരണങ്ങളാൽ ഇന്നലെ പ്രസിദ്ധീകരിക്കാൻ ആയില്ലെന്ന വിശദീകരണം ദേശാഭിമാനി ഇന്നും ആവർത്തിച്ചിട്ടുണ്ട്.
‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’ എന്ന പേരിലാണ് വിഎസ് അനുസ്മരണം പ്രസിദ്ധീകരിച്ചത്. വി.എസിന്റെ മുന്‍ പ്രസ് സെക്രട്ടറി കെ.വി.സുധാകരനാണ് ലേഖനമെഴുതിയത്. നാടക പ്രവർത്തകനായ വിജയനെ പറ്റിയുള്ള ലേഖനം കള്ളൻ വിജയൻ എന്ന തലക്കെട്ടിൽ വന്നാൽ അത് വിവാദമാകും എന്ന് കണ്ട് ഇന്നലെ വാരാന്തപ്പതിപ്പ് പുറത്തിറക്കിയില്ലെന്നാണ് പുറത്തുവന്നിരുന്ന വിവരം.
വി.എസ്.അച്യുതാനന്ദന്റെ ഒന്നാം ചരമവാര്‍ഷികമാണ് ചൊവ്വാഴ്ച. അതിന്റെ ഭാഗമായാണ് വാരാന്തപതിപ്പിന്റെ ഒന്നാംപേജില്‍ വി.എസിനോട് അടുത്തു പ്രവര്‍ത്തിച്ച കെ.വി.സുധാകരന്റെ ലേഖനം ഉള്‍പ്പെടുത്തിയത്. ഇതേ വാരാന്തപ്പതിപ്പിന്റെ നാലാംപേജില്‍ വെഞ്ഞാറമൂടുകാരനായ നാടകപ്രവര്‍ത്തകന്‍ കള്ളന്‍വിജയനെക്കുറിച്ചുള്ള ടി.സി.രാജേഷിന്റെ ലേഖനവുമുണ്ടായിരുന്നു. കള്ളന്‍വിജയന്‍, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ. ഇതായിരുന്നു വിജയനെക്കുറിച്ചുള്ള ലേഖനത്തിന്റെ തലക്കെട്ട്. വിജയന്‍ എന്ന പേരും അതിനോട് ചേര്‍ന്നുള്ള വിളിപ്പേരും കൂടി ചേര്‍ന്നപ്പോള്‍, വാരാന്തപ്പതിപ്പ് മറ്റ് ചര്‍ച്ചകള്‍ക്ക് വിധേയമാക്കാമെന്ന തോന്നലാണ് പുറത്തിറക്കാതിരുന്നതിന് കാരണമായത്.
പുറത്തുവന്ന വിവരങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണെന്നും കള്ളന്‍വിജയന്‍ എന്ന ലേഖനം തന്നെയില്ലെന്നും പാര്‍ട്ടി പത്രത്തിന്റെ ചുമതലക്കാരനായ എം.സ്വരാജ് വ്യക്തമാക്കിയിരുന്നു. പ്രസിലെ സാങ്കേതിക പ്രശ്നമാണ് പ്രസിദ്ധീകരണം തടസപ്പെട്ടതിന് കാരണമായി സ്വരാജ് വിശദീകരിച്ചത്.
Leave a Comment
Your comment will be visible after admin approval.