വാഷിങ്ടണ്‍: അമേരിക്കയില്‍ സ്‌കൂളില്‍ വീണ്ടും വെടിവെയ്പ്പ്. മിനിയാപൊളിസിലെ അനന്‍സിയേഷന്‍ കാത്തലിക് സ്‌കൂളില്‍ രാവിലെ 8:45ന് നടന്ന വെടിവയ്പ്പില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ബഹുഭൂരിപക്ഷവും കുട്ടികളാണ്. ചില കുട്ടികളുടെ നില ഗുരുതരമാണെന്നും മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നുമുള്ള ആശങ്കയാണ് അധികൃതര്‍ പങ്കുവയ്ക്കുന്നത്.
ആക്രമണം നടത്തിയ യുവാവ് സ്വയം വെടിവച്ച് ജീവനൊടുക്കിയെന്ന് മിനിയാപൊളിസ് പോലിസ് മേധാവി അറിയിച്ചു. കിന്‍ഡര്‍ഗാര്‍ട്ടന്‍ മുതല്‍ എട്ടാം ഗ്രേഡ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍, അക്രമിയായ യുവാവ് ജനാലകള്‍ വഴി വെടിയുതിര്‍ക്കുകയായിരുന്നു. ക്ലാസ് തുടങ്ങുന്നതിന് മുന്‍പ് കുട്ടികള്‍ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുമ്പോഴാണ് അക്രമി വെടിവച്ചതെന്നാണ് വ്യക്തമാകുന്നത്.



