ഒഹിയോ: അമേരിക്കയില്‍ പിറ്റ്ബുള്‍ നായ്ക്കളുടെ ആക്രമണത്തില്‍ 73കാരി മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. സ്ത്രീയെ ആക്രമിച്ച നായ്ക്കളുടെ ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ കൊക്കെയ്‌ന്റെ സാന്നിധ്യം കണ്ടെത്തി. 2024 ഒക്ടോബറിലായിരുന്നു ഒഹിയോയില്‍ 73കാരിയായ ജോവാന്‍ എച്ചല്‍ബാര്‍ഗ് പിറ്റ്ബുള്ളുകളുടെ ആക്രമണത്തില്‍ മരിച്ചത്. അയല്‍വാസികള്‍ വളര്‍ത്തുന്ന നായ്ക്കളായിരുന്നു ജോവാനെ ആക്രമിച്ചത്
ഭര്‍ത്താവിനൊപ്പം പൂന്തോട്ടത്തില്‍ സമയം ചെലവഴിക്കുന്നതിനിടെയായിരുന്നു അയല്‍വാസികളായ ആദവും അമ്മ സൂസനും വളര്‍ത്തുന്ന പിറ്റ്ബുള്‍ നായ്ക്കള്‍ ജോവാനെ ആക്രമിച്ചത്. ഡിമെന്‍ഷ്യ ബാധിച്ച് വീല്‍ചെയറിലായിരുന്നതിനാല്‍ ഭര്‍ത്താവിന് ജോവാനെ രക്ഷിക്കാനായില്ല. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇരുനായ്ക്കളേയും വെടിവെച്ച് വീഴ്ത്തി. പിന്നീട് നടത്തിയ ടോക്‌സിക്കോളജി പരിശോധനയിലാണ് നായ്ക്കളുടെ ശരീരത്തില്‍ കൊക്കെയ്‌ന്റെ സാന്നിധ്യം കണ്ടെത്തിയത്.
സംഭവത്തില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആദത്തിനും സൂസനുമെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. 25,000 അമേരിക്കന്‍ ഡോളര്‍ നഷ്ടപരിഹാരവും കേസ് നടത്താനായി ചെലവഴിക്കുന്ന തുകയും ആവശ്യപ്പെട്ടാണ് ഇരുവര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തത്. മുന്‍പും ഇത്തരത്തില്‍ ആക്രമണം നടത്തിയിട്ടുള്ള പിറ്റ്ബുള്‍ നായ്ക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും ജോവാന്റെ കുടുംബം ആരോപിച്ചു.