ടൊറന്റോ ∙ സ്വപ്നവും പ്രണയവും ഓർമകളും ഇഴ പിരിയുന്ന ഹൃദയസ്പർശിയായ ഷോർട്ട് ഫിലിം ‘തീരം’ ടൊറന്റോ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് സൗത്ത് ഏഷ്യ (IFFSA) യിൽ പ്രദർശിപ്പിച്ചു. അരവിന്ദ് വാര്യർ സംവിധാനം ചെയ്ത ഈ ചിത്രം ഹാഫ്‌ക്യാം പിക്‌ചേഴ്‌സ് ആണ് ക്യൂആർഎയുമായും കനേഡിയൻ അക്കാദമി ഓഫ് ജെറിയാട്രിക് സൈക്യാട്രിയുമായും സഹകരിച്ച് നിർമ്മിച്ചത്.
സ്നേഹം, ത്യാഗം, സ്വപ്നങ്ങൾ എന്നിവയുടെ നൂലിഴകളാൽ തുന്നിച്ചേർത്ത ഹൃദയസ്പർശിയായ ഒരു കുടുംബചിത്രമാണ് ‘തീരം’. അമ്മ സുമയുടെ (സുമ നായർ) അഭ്യർഥനപ്രകാരം വീട്ടിലേക്ക് ഹ്രസ്വസന്ദർശനത്തിന് എത്തുന്ന ചെറുപ്പക്കാരനായ ധ്രുവാണ് (അരുൺ ശ്രീകുമാർ) കേന്ദ്രകഥാപാത്രം. തന്റെ സ്വപ്‌നപദ്ധതി പങ്കുവെക്കാനുള്ള ആകാംക്ഷയോടെയാണ് ധ്രുവ് എത്തുന്നത്. അച്ഛനും (ഹരി വട്ടപ്പിള്ളി) അമ്മയുമൊത്തുള്ള ഈ പുനഃസമാഗമം സന്തോഷവും ഗൃഹാതുരത്വവും നിറഞ്ഞതാണെങ്കിലും ജീവിതത്തിലെ ആകസ്മികതകളിലും വിഷമതകളിലുമുള്ള കുടുംബബന്ധങ്ങളുടെ യാഥാർഥ്യങ്ങൾ ധ്രുവിനെ ബോധ്യപ്പെടുത്തുന്നു. സ്വപ്‌നങ്ങൾ മാറിമറിയുമ്പോഴും സ്നേഹവും വിശ്വാസവുമാണ് കുടുംബങ്ങളെ ചേർത്ത് നിർത്തുന്നതെന്ന തിരിച്ചറിവ് ധ്രുവ് അമ്മയോടൊപ്പം പങ്കുവെക്കുന്നു. ഇതാണ് ‘തീരം’ എന്ന ചിത്രത്തിന്റെ കാതൽ.
ടൊറന്റോ ആസ്ഥാനമായുള്ള ചലച്ചിത്ര പ്രവർത്തകനാണ് സംവിധായകനായ അരവിന്ദ് വാരിയർ. രചന: നിപുൻ വർമ്മ, സംവിധാനം: അരവിന്ദ് വാര്യർ. നിർമ്മാണം: സജിന പത്മ, സുധീന്ദ്രൻ ചേനിക്കൽ (QRA ഫിനാൻഷ്യൽസ്, O/A QR അക്കൗണ്ടിങ്), ഛായാഗ്രഹണം: അലൻ തോമസ്, സംഗീതം: ശ്രീവൽസൻ ജെ. മേനോൻ, എഡിറ്റിങ്: ഷാരോൺ സ്കറിയ, ലൈൻ പ്രൊഡ്യൂസർ: ആഷ്ലി പി.എസ്., എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനീത നായർ. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ രാജേഷ് പി.എം., ശബ്ദമിശ്രണം ടി. ബ്രൂസ്, DI & കളറിങ് ലിജു പ്രഭാകർ, കലാസംവിധാനം വിനീത നായർ.



