ആണഴകിന്റെ ലോകോത്തരവേദിയിൽ രണ്ടാം റണ്ണർ അപ്പ് കിരീടം ചൂടി രാജ്യത്തിന് അഭിമാനമായി കൊല്ലം കുണ്ടറ സ്വദേശി അനന്തകൃഷ്ണ (26). വെനിസ്വേലയിലെ കാരാകാസിൽ 2025 ഒക്ടോബർ 1 മുതൽ 11 വരെ നടന്ന വാശിയേറിയ, മത്സരത്തിനൊടുവിലാണ് അനന്തകൃഷ്‌ണ വിജയിയായത്. അഞ്ച് പ്രത്യേക വിഭാഗത്തിൽപ്പെട്ട മത്സരങ്ങളിൽ വിജയിയായി നാമനിർദേശം ചെയ്യപ്പെട്ട അനന്തകൃഷ്ണയ്ക്ക് ‘മിസ്റ്റർ ഇന്ററാക്ടീവ്’ എന്ന പട്ടവും ഇതോടെ ലഭ്യമായി. കൂടാതെ സ്പോട്സ് ചലഞ്ച് മത്സരത്തിലും വിജയിയായി.
ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള പുരുഷ സൗന്ദര്യ മത്സരമായ ‘റുബറൊ മിസ്റ്റർ ഇന്ത്യ’ മത്സരത്തിൽ ഇരുപതിനായിരത്തിലേറെ മത്സരാർഥികളിൽ നിന്നുമാണ് അനന്തകൃഷ്ണ കാബെല്ലറൊ യൂണിവേഴ്സൽ ടൈറ്റിൽ നേടിയത്. മാസങ്ങളോളം നീണ്ട ആരോഗ്യപരിപാലനവും കഠിനമായ കായിക പരിശീലനവും കൃത്യമായ ആഹാരക്രമവും ഈ മത്സരത്തിന് അനിവാര്യമാണ്.
മിസ്റ്റർ ഫേസ് ഓഫ് കന്യാകുമാരി, മാൻ ഓഫ് തമിഴ്നാട് എന്നീ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. തുടർന്നാണ് ‘റുബറൊ മിസ്റ്റർ ഇന്ത്’ മത്സരത്തിൽ പങ്കെടുക്കുന്നതും വിജയിക്കുന്നതും. വെനിസ്വേലയിൽ നടന്ന പുരുഷസൗന്ദര്യ മത്സരത്തിൽ കാബല്ലറൊ യൂണിവേഴ്സൽ പട്ടത്തിനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ഏക വ്യക്തിയാണ് അനന്തകൃഷ്ണ. ഇന്ത്യയെ കൂടാതെ അർജന്റിന, ബ്രസീൽ, കാനഡ, മെക്സിക്കൊ, വെനിസ്വേല തുടങ്ങി ഇരുപത്തിനാല് രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളാണ് ഈ പദവിക്ക് വേണ്ടി മാറ്റുരച്ചത്.



