Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaആശാ തോമസ് മാത്യുവിന് ഇന്ത്യ പ്രസ് ക്ലബിന്റെ 'വിമൻ എംപവർമെന്റ്' അവാർഡ്

ആശാ തോമസ് മാത്യുവിന് ഇന്ത്യ പ്രസ് ക്ലബിന്റെ ‘വിമൻ എംപവർമെന്റ്’ അവാർഡ്

ന്യൂജേഴ്‌സി: വനിതാ നേതൃത്വത്തെയും സാമൂഹിക പങ്കാളിത്തത്തെയും പുതിയ ഉയരങ്ങളിലെത്തിച്ച ആശാ തോമസ് മാത്യുവിന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ഈ വർഷത്തെ “വിമൻ എംപവർമെന്റ് അവാർഡ്.

എഡിസണിലെ ഷെറാട്ടൺ ഹോട്ടലിൽ നടന്ന 11-ാം അന്താരാഷ്ട്ര മീഡിയ കോൺഫറൻസിന്റെയും അവാർഡ് നൈറ്റിന്റെയും വേദിയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി. അവാർഡ് സമ്മാനിച്ചു.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ജോയിന്റ് സെക്രട്ടറിയായും, ഫോമാ വിമൻസ് ഫോറത്തിന്റെ സെക്രട്ടറിയായും ഒരേസമയം സ്തുത്യർഹമായ പ്രവർത്തനമാണ് ഈ വനിതാരത്നം കാഴ്ചവയ്ക്കുന്നത്. രണ്ട് പ്രമുഖ സംഘടനകളുടെ ദേശീയ എക്സിക്യൂട്ടീവ് ബോർഡുകളിൽ ഒരേസമയം സേവനമനുഷ്ഠിക്കുന്ന അപൂർവ ബഹുമതി.

ടിവി ആങ്കറും പ്രോഗ്രാം പ്രൊഡ്യൂസറുമായ ആശാ തോമസ് മാത്യുവിന്റെ മാധ്യമജീവിതം സമർപ്പണത്തിന്റെയും സൃഷ്ടിപരതയുടെയും ഉദാഹരണമാണ്. കൈരളി ടിവിയിൽ ന്യുസ് ആങ്കറായ ആശ, നേരത്തെ ഏഷ്യാനെറ്റിൽ അമേരിക്കൻ കാഴ്ച എന്ന പരമ്പരയുടെ ആങ്കറും കണ്ടന്റ് ക്രിയറ്ററുമായും പ്രവർത്തിച്ചു.

ഐപിസിഎൻഎ സംഘടിപ്പിച്ച കൊച്ചി മീഡിയ അവാർഡ് നൈറ്റ് മുതൽ എഡിസണിലെ അന്താരാഷ്ട്ര സമ്മേളനം വരെ, അവരുടെ നേതൃത്വം പ്രസ് ക്ളബ് പ്രവർത്തനത്തിൽ ശക്തമായ കയ്യൊപ്പ് പതിച്ചിട്ടുണ്ട്. പ്രൊഫഷണലിസവും സർഗ്ഗാത്മകതയും സംയോജിപ്പിക്കാനുള്ള അവരുടെ കഴിവ് ചുറ്റുമുള്ളവരെ പ്രചോദിപ്പിക്കുന്നു.

ഏൽപ്പിക്കുന്ന കാര്യങ്ങൾ കൃത്യമായും ആത്മാത്ഥതയോടെയും ചെയ്യുന്നതിൽ എന്നും ശ്രദ്ധിക്കുന്നതായി ആശ പറയുന്നു. ടീം ഏതാണെന്നു നോക്കാറില്ല. പ്രസ് ക്ലബിൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാറിനും മറ്റുള്ളവർക്കുമൊപ്പം പ്രോഗ്രാമുകളും സെമിനാറുകളുമെല്ലാം സംഘടിപ്പിക്കുന്നതിന് സജീവമായി പ്രവർത്തിച്ചു. അതിനുള്ള ഒരു അംഗീകാരം കൂടിയാണ് ഈ ബഹുമതി. ഐടി രംഗത്തെ തൻറെ ബാക്ക് ഗ്രൗണ്ടും ഏറെ സഹായിച്ചു.

കേരള മീഡിയ അക്കാദമിയിൽ ഐ.പി.സി.എൻ.എ യെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതും അഭിമാനകരമായി. പ്രശസ്ത സംവിധായകൻ സിബി മലയിൽ അവിടെ വച്ച് പൊന്നാട അണിയിച്ച് ആദരിച്ചതും ഓർമ്മയിൽ എന്നും നിലനിൽക്കും.

മാധ്യമരംഗത്തും സാമൂഹിക സേവനരംഗത്തും വർഷങ്ങളായി സജീവ സാന്നിധ്യമായ അവർ, നേതൃത്വം, ആത്മവിശ്വാസം, ദർശനം എന്നീ മൂല്യങ്ങൾ കൊണ്ട് ഒരുപാട് സ്ത്രീകൾക്ക് പ്രചോദനമായിട്ടുണ്ട്.

വനിതകളുടെ വളർച്ചയ്ക്കും പങ്കാളിത്തത്തിനും വേണ്ടിയുള്ള നിരവധി പദ്ധതികൾക്ക് അവർ നേതൃത്വം നൽകി. വനിതാ ശാക്തീകരണത്തിന് പ്രായോഗിക ദിശയും പുതിയ അവസരങ്ങളുമൊരുക്കാൻ അവർ എക്കാലവും ശ്രദ്ധചെലുത്തിയിട്ടുണ്ട്.

‘പ്രൊഫഷണലിസത്തെയും മാനവികതയെയും ചേർത്തുനിർത്തുന്ന ഒരാൾ’ എന്നാണ് സഹപ്രവർത്തകർ അവരെ വിശേഷിപ്പിക്കുന്നത്.

തന്റെ മൂല്യബോധവും ആത്മവിശ്വാസവും വളർത്തിയെടുത്ത കോഴിക്കോട് സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂളിനും മാതാപിതാക്കൾക്കും കുടുംബത്തിനും ആശ തന്റെ അവാർഡ് സമർപ്പിച്ചു. ഭർത്താവ് സിബു, മക്കൾ: നെസ്സ, ടിയ എന്നിവരാണ് തന്റെ ഏറ്റവും വലിയ പ്രചോദനശക്തിയെന്നും പറഞ്ഞു. മിനസോട്ടയിലാണ് കുടുംബം താമസിക്കുന്നത്.

ആധുനിക സ്ത്രീകൾക്ക് മാതൃകയാണ് ആശയുടെ പ്രവർത്തനങ്ങൾ. പ്രൊഫഷണൽ കരിയറിനെയും വ്യക്തിപരമായ അഭിനിവേശങ്ങളെയും ഒരുമിച്ചു കൊണ്ട് പോകുന്ന മികവ്. മറ്റുള്ളവരുമായി ഇടപഴകുന്നതിലും ആത്മവിശ്വാസത്തോടെ നയിക്കുന്നതിലും കൂട്ടായ പുരോഗതിക്ക് പ്രചോദനം നൽകുന്നതിലും അവർ വിശ്വസിക്കുന്നു.

നാം തന്നിൽ തന്നെ വിശ്വസിക്കുകയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ ലഭിക്കുകയും ചെയ്യുമ്പോൾ എന്തും സാധ്യമാണെന്ന് ആശ ഊന്നിപ്പറയുന്നു.

ഈ അംഗീകാരം വ്യക്തിപരമായ നാഴികക്കല്ല് മാത്രമല്ല, ലക്ഷ്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ശാക്തീകരണത്തിന്റെയും ആഘോഷമാണ് . അർപ്പണബോധം ലക്ഷ്യത്തെ നിറവേറ്റുമ്പോൾ, വിജയം സ്വാഭാവികമായും പിന്തുടരുമെന്ന വിശ്വാസത്തിന്റെ തെളിവാണ് ഇത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments