വാഷിംഗ്ടണ്‍: ഇന്ത്യയില്‍ തീരുവ കൂടുതലെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയില്‍ ഒന്നും വില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. താരിഫ് പ്രഖ്യാപനങ്ങള്‍ക്കൊണ്ട് ഓഹരി വിപണികളെ പിടിച്ചുലച്ച ട്രംപ്, ഇന്ത്യ തീരുവ കുറയ്ക്കാന്‍ സമ്മതിച്ചുവെന്നും അവകാശപ്പെട്ടു.
‘ഇന്ത്യ നമ്മില്‍ നിന്ന് വന്‍തോതിലുള്ള തീരുവകള്‍ ഈടാക്കുന്നു. ഭീമമായത്. ഇന്ത്യയില്‍ ഒന്നും വില്‍ക്കാന്‍ പോലും കഴിയില്ല… അവര്‍ ഇപ്പോള്‍ അവരുടെ താരിഫ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നു, കാരണം ആരോ ഒടുവില്‍ അവര്‍ ചെയ്തതിന് അവരെ തുറന്നുകാട്ടുന്നു,’ അദ്ദേഹം വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ത്യയും മറ്റ് രാജ്യങ്ങളും ചുമത്തുന്നത് ഉയര്‍ന്ന തീരുവകളാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയെ അദ്ദേഹം നിരന്തരം വിമര്‍ശിക്കുന്നുണ്ട്. ചൊവ്വാഴ്ച കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍, താരിഫുകള്‍ ‘വളരെ അന്യായമാണ്’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. മാത്രമല്ല, ‘മറ്റ് രാജ്യങ്ങള്‍ പതിറ്റാണ്ടുകളായി നമുക്കെതിരെ തീരുവകള്‍ ഉപയോഗിച്ചുവരുന്നു, ഇപ്പോള്‍ ആ രാജ്യങ്ങള്‍ക്കെതിരെ അവ ഉപയോഗിക്കാന്‍ തുടങ്ങാനുള്ള നമ്മുടെ ഊഴമാണ്,’ ട്രംപ് തന്റെ രണ്ടാം ടേമിന്റെ ആദ്യ പ്രസംഗത്തില്‍ പറഞ്ഞതിങ്ങനെ.
ജനുവരി 20 ന് അധികാരമേറ്റതിനുശേഷം, പല രാജ്യങ്ങളെയും ലക്ഷ്യമിട്ട് അദ്ദേഹം നിരവധി തീരുവകളും ഭീഷണികളും ഉയര്‍ത്തി. യൂറോപ്യന്‍ യൂണിയന്‍, ചൈന, ബ്രസീല്‍, ഇന്ത്യ, മെക്‌സിക്കോ, കാനഡ അങ്ങനെ ട്രംപിന്റെ തീരുവ യുദ്ധം വിവിധ രാജ്യങ്ങളിലേക്ക് നീണ്ടു.