അനിൽ ആറന്മുള
ഹ്യൂസ്റ്റൺ: ഇന്ത്യാ പ്രസ് ക്ലബ് ഹ്യൂസ്റ്റൺ ചാപ്റ്ററിന് സ്നേഹ വിരുന്നൊരുക്കി ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് (ടിസാക് ) ആദരിച്ചു. കഴിഞ്ഞ നാലു വർഷ ങ്ങളായി അമേരിക്കയിൽ അഭൂത പൂർവമായ നേട്ടങ്ങൾ കൈവരിച്ച ടിസാക് അവഗണിക്കാനാവാത്ത ശക്തിയായി മാറിയിരിക്കുകയാണ്. ഇതിനോടകം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട മൂന്നു വടംവലി മത്സരങ്ങൾ ടിസാക് ഹ്യൂസ്റ്റനിൽ സംഘടിപ്പിക്കുകയുണ്ടായി. മൂന്നും ചരിത്രവിജയങ്ങളായെന്നു വേണം പറയാൻ. അമേരിക്കൻ സംഘടനാ രംഗത്തു സംഘാടക മികവിലും ധനസമാഹരണത്തിലും അദ്വിതീയ സ്ഥാനത്തുനിൽക്കുന്ന ടിസാക്കിന് അവരുടെ സംരംഭങ്ങളിൽ നൽകിയ അകമഴിഞ്ഞ പിന്തുണക്കാണ് ഐ പി സി എൻ എ ഹ്യൂസ്റ്റൺ ചാപ്റ്ററിനെ ആദരിക്കാൻ അവർ മുൻപോട്ടു വന്നത്.

സ്റ്റാഫോർഡിലെ മസാല ഹട്ട് റെസ്റ്റോറന്റിൽ വിളിച്ചു ചേർത്ത വിരുന്നു സൽക്കാരത്തിലാണ് ഐ പി സി എൻ എ അംഗങ്ങളെ ആദരിച്ചത്. മാഗ് കഴിഞ്ഞാൽ ഹൂസ്റ്റണിലെ ഏറ്റവും ശക്തമായ രണ്ടു സംഘടനകളാണ് ടിസാക്കും ഐ പി സി എൻ എ യും എന്നത് കൊണ്ട് രണ്ടു സംഘടനകളും കൈകോർത്തു മുന്നോട്ടു പോകണമെന്ന് തന്റെ സ്വാഗത പ്രസംഗത്തിൽ ടിസാക് പ്രസിഡണ്ട് ഡാനി രാജു പറഞ്ഞു. ഒപ്പം ഐ പി സി എൻ എ യുടെ പിന്തുണക്കു നന്ദിയും അദ്ദേഹം അറിയിച്ചു. ടിസാക് പി ആർ ഓ സിബു ടോം അംഗങ്ങളെ പരിചയപ്പെടുത്തി.

തുടർന്ന് സംസാരിച്ച ടിസാക് വൈസ് പ്രസിഡണ്ട് മാത്യു ചിറപ്പുറത്ത്, സെക്രട്ടറി മാത്യൂസ് കറുകക്കളം, ട്രെഷറർ റിമൽ തോമസ്, ജോയിന്റ് സെക്രട്ടറി പ്രിൻസ് പോൾ, ഫിലിപ് ചോരത്ത് ജോയിന്റ് ട്രെഷറർ ജോസഫ് കൈതമറ്റത്തിൽ, ഐ പി സി എൻ എ സീനിയർ അംഗങ്ങൾ കൂടിയായ ജിജു കുളങ്ങര, ജോൺ ഡബ്ലിയു വർഗീസ് എന്നിവർ ടിസാക്കിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
2026 ജൂലൈ 25ന് ടിസാക്കിന്റെ നാലാമത്തെ വടംവലി മത്സരം അരങ്ങേറുമെന്നും അവർ അറിയിച്ചു. മൂന്നാം മത്സരം നടന്ന ഫോട്ബെൻഡ് എപിക് സെന്ററിൽ ആയിരിക്കും ഈ ഇൻഡോർ ടുർണമെന്റ് നടക്കുക. മുൻവർഷങ്ങളിലെ പോലെ ചിക്കാഗോ , ന്യൂയോർക്, ഡാളസ് അറ്റ്ലാന്റ, ന്യൂ ജേഴ്‌സി തുടങ്ങിയ അമേരിക്കൻ സിറ്റികളെ കൂടാതെ കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, കുവൈറ്റ്, യൂ കെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ടീമുകൾ പങ്കെടുക്കും. മൂന്നാം ടുർണമെന്റ് കാണാനെത്തിയ ജനങൾക്ക് സൗജന്യ പ്രവേശനവും ആഹാരം വെള്ളം തുടങ്ങി എല്ലാം ഫ്രീ ആയിരുന്നെങ്കിൽ വരുന്ന ട്യുര്ണമെന്റുകളിൽ അതിനു കഴിയില്ലെന്ന് പ്രസിഡന്റ് ഡാനി പറഞ്ഞു. ചെലവ് ഇരട്ടിയോളം ആയതാണ് പ്രശ്നം. മൂന്നാം ട്യുര്ണമെന്റിനു രണ്ടു ലക്ഷം ഡോളറാണ് ചിലവായത്.

ടിസാക്കിന്റെ വരുമാനത്തിൽ നിന്നും കേരളത്തിലെ കുറെ കോളേജ് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ നൽകാനും രോഗികളുടെ ചികിത്സാ സഹായത്തിനും ഉപകരിച്ചു. അടുത്ത ലക്‌ഷ്യം നിർധനരായവർക്കു പത്തു വീടുകൾ വച്ചുനൽകുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യാ പ്രസ് ക്ലബ് ചാപ്റ്റർ പ്രസിഡണ്ട് ഫിന്നി രാജു, നാഷണൽ ജനറൽ സെക്രട്ടറി അനിൽ ആറന്മുള, ചാപ്റ്റർ സെക്രട്ടറി ജീമോൻ റാന്നി, വൈസ് പ്രസിഡണ്ട് മോട്ടി മാത്യു, ജോയിന്റ് സെക്രട്ടറി റെയ്‌ന റോക്ക്, സജി പുല്ലാട്, നേർകാഴ്ച ചീഫ് എഡിറ്റർ സൈമൺ വാളച്ചേരിൽ, ജോയ് തുമ്പമൺ, ജിജു കുളങ്ങര, ജോൺ വർഗീസ്, ജോർജ് പോൾ, അജു വരിക്കാട് മിഖായേൽ ജോയ് എന്നിവരും ടിസാക്കിന്റെ ആദരത്തിനു നന്ദി പറഞ്ഞു.



