ലക്നൗ : ഉത്തർപ്രദേശിലെ മുസാഫർ നഗറിലെ വനത്തിൽ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് സഹോദരി ഭർത്താവ് ക്വട്ടേഷൻ നൽകിയ സംഘം. ഭാര്യാ സഹോദരിയായ 21 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ ഗുണ്ടകൾക്ക് നൽകാനായി 40,000 രൂപയാണ് പ്രതി ബാങ്ക് വായ്പ എടുത്തത്. കേസിൽ സഹോദരി ഭർത്താവും,പ്രധാന പ്രതിയുമായ ആശിഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടാളികളായ ശുഭം,ദീപക് എന്നീ പ്രതികൾ ഒളിവിലാണ്. ജനുവരി 23 ന് ഗ്രാമത്തിൽ നിന്ന് കാണാതായ സ്ത്രീയുടെ മൃതശരീരം വെള്ളിയാഴ്ച സമീപത്തെ വനത്തിൽ നിന്ന് കണ്ടെടുത്തിരുന്നു. പിന്നാലെയാണ് നിർണായക വിവരങ്ങൾ പുറത്ത് വരുന്നത്.
യുവതിയെ സഹോദരി ഭർത്താവ് ആശിഷ് സ്കൂട്ടറിൽ വനത്തിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ മൂവരും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന സ്കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് യുവതിയെ കൊലപ്പെടുത്തിയ പ്രതികൾ തെളിവ് നശിപ്പിക്കാനായി മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. അടിവസ്ത്രം കേടുകൂടാതെയിരിക്കുകയും മറ്റ് വസ്ത്രങ്ങൾ കത്തിക്കുകയും ചെയ്തതാണ് ലൈംഗികാതിക്രമത്തിൻ്റെ സംശയം പൊലീസ് ഉയർത്തിയത്. സ്ഥലത്തുനിന്ന് കോണ്ടം പാക്കറ്റുകളും പൊലീസ് കണ്ടെത്തി.