എബി നെല്ലിക്കല്‍, എഡ്മന്റണ്‍
എഡ്മന്റൺ: കാനഡയിലെ എഡ്മന്റണിലുള്ള വിവിധ കേരളീയ ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ എഡ്മന്റൺ എക്യുമെനിക്കൽ ഫെലോഷിപ്പ് (ഇ.ഇ.എഫ്) പത്താം വാർഷികാഘോഷവും വാർഷിക ക്രിസ്മസ് സംഗമമായ ‘ക്രിസ്ബെൽസ് 2025’-ഉം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. മിറേജ് ബാങ്ക്വറ്റ് ഹാളിൽ നടന്ന സംഗമത്തിൽ കാനഡയിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു.
ഫോർട്ട് സസ്‌കാച്വൻ എം.പി ഗാർനെറ്റ് ജീനിയസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ പത്നി ഡോ. റബേക്ക ജീനിയസ് വിശിഷ്ടാതിഥിയായിരുന്നു. ഇ.ഇ.എഫ് പ്രസിഡന്റ് റവ. ഫാ. തോമസ് പൂതിയോട്ട് അധ്യക്ഷത വഹിക്കുകയും ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു.

ഒരു പതിറ്റാണ്ടിന്റെ പ്രവർത്തന മികവ് അടയാളപ്പെടുത്തിക്കൊണ്ട് സംഘടനയുടെ പുതിയ വെബ്സൈറ്റ് ഗാർനെറ്റ് ജീനിയസ് എം.പി പ്രകാശനം ചെയ്തു.
പത്താം വാർഷികത്തോടനുബന്ധിച്ച്, ദാമ്പത്യ ജീവിതത്തിൽ സുവർണ്ണ ജൂബിലി പിന്നിട്ട ദമ്പതികളെ ആദരിച്ചത് ചടങ്ങിന് സവിശേഷതയേകി.
വിവിധ സഭകളിൽ നിന്നുള്ളവർ അവതരിപ്പിച്ച കലാപരിപാടികൾ, ഡോർ പ്രൈസുകൾ, വിഭവസമൃദ്ധമായ സ്നേഹവിരുന്ന് എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

സെക്രട്ടറി ഫാ. സെറാ പോൾ സ്വാഗതവും ട്രഷറർ ഫാ. മാത്യു പി. ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു. 2025-27 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ തോമസ് ചെറിയാൻ, ബോബി മാത്യു സക്കറിയ, ദീപക് ഐസക്, ക്രിസ്ബെൽസ് കൺവീനർ റവ. തോമസ് കുരുവിള, കമ്മിറ്റി അംഗങ്ങളായ റവ. ജോൺ സി. എബ്രഹാം, റവ. ഡീ ജോബിൻ ചാക്കോ, ജോൺസൺ കുരുവിള, ജോർജ്ജ് അമ്മനേത്ത്, എബി നെല്ലിക്കൽ, ഷാജി മാത്യു, ടി.പി. ജോയ്, ജോർജ്ജ് പുലിക്കോടൻ എന്നിവരും, വിവിധ ഇടവകകളിൽ നിന്നുള്ള വോളന്റിയർമാരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം വിളിച്ചോതി പത്താം വാർഷിക സംഗമം ചരിത്രനിമിഷമായി മാറി.



