എഡ്മിന്‍റൻ : നഗരത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ എഡ്മിന്‍റൻ എക്യുമെനിക്കൽ ഫെലോഷിപ്പ് (ഇ.ഇ.എഫ്) പത്താം വാർഷികം ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വാർഷിക ക്രിസ്മസ് സംഗമം ‘ക്രിസ്ബെൽസ്’ ഡിസംബർ 26-ന് വൈകുന്നേരം നാലര മുതൽ എഡ്മിന്‍റൻ മിറേജ് ബാങ്ക്വറ്റ് ഹാളിൽ (8170 50 St NW, Edmonton, AB T6B 1E6) നടക്കും. ഫോർട്ട് സസ്കാച്വാൻ എം.പി ഗാർനെറ്റ് ജീനിയസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഫെലോഷിപ്പിന്‍റെ പുതിയ വെബ്സൈറ്റ് പ്രകാശനവും ചടങ്ങിൽ അദ്ദേഹം നിർവ്വഹിക്കും. എഡ്മിന്‍റൻ എക്യുമെനിക്കൽ ഫെലോഷിപ്പ് പ്രസിഡൻ്റ് റവ. തോമസ് പൂതിയോട്ട് ക്രിസ്മസ് സന്ദേശം നൽകും.
വാർഷികാഘോഷത്തോടനുബന്ധിച്ച്, വിവാഹജീവിതത്തിൽ സുവർണ്ണ ജൂബിലി പിന്നിട്ട ദമ്പതികളെ ചടങ്ങിൽ പ്രത്യേകമായി ആദരിക്കും. ദാമ്പത്യജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിടുന്ന ദമ്പതികൾക്ക് നൽകുന്ന ഈ ആദരവ് ഇത്തവണത്തെ പരിപാടിയുടെ മുഖ്യ ആകർഷണമാണ്. കൂടാതെ വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. എഡ്മിന്‍റൻ എക്യുമെനിക്കൽ ഫെലോഷിപ്പ് മാനേജിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ആഘോഷങ്ങൾക്കായുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായി സെക്രട്ടറി ഫാ. സെറാ പോൾ, ട്രഷറർ ഫാ. മാത്യു പി. ജോസഫ്, കൺവീനർ ഡീക്കൺ തോമസ് കുരുവിള എന്നിവർ അറിയിച്ചു.



