മാർട്ടിൻ വിലങ്ങോലിൽ
ഡാളസ്: ഡാളസിലെ മലയാളി സമൂഹത്തിന്റെ വളർച്ചയിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ ഏലിക്കുട്ടി ഫ്രാൻസിസിന് നാട് വികാരനിർഭരമായ യാത്രാമൊഴി നൽകി. ഡാളസിലെ സാമൂഹിക-ആത്മീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അവരുടെ വിയോഗം പ്രവാസി സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ്.
വെള്ളിയാഴ്ച കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ നടന്ന പൊതുദർശനത്തിലും, പിറ്റേന്ന് ശനിയാഴ്ച സെന്റ് അൽഫോൻസാ ദേവാലയത്തിൽ നടന്ന സംസ്കാര ശുശ്രൂഷകളിലും, തുടർന്ന് ഗാർലൻഡ് സേക്രഡ് ഹേർട്ട് സെമിത്തേരിയിൽ നടന്ന സംസ്കാരത്തിനും സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിച്ചേർന്നു.
കർമ്മപഥത്തിലെ കരുത്ത്:
1972-ൽ അമേരിക്കയിൽ എത്തിയ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായിരുന്നു ഏലിക്കുട്ടി. ഡാളസിലെ പ്രശസ്തമായ പാർക്ക്‌ലാൻഡ് ഹോസ്പിറ്റലിൽ നഴ്‌സായി ഔദ്യോഗിക ജീവിതം ആരംഭിച്ച അവർ, തന്റെ അസാമാന്യമായ കഠിനാധ്വാനത്തിലൂടെ നഴ്‌സിംഗ് ഹെഡ്, നഴ്‌സിംഗ് സൂപ്പർവൈസർ എന്നീ ഉന്നത പദവികളിൽ എത്തിയ ശേഷമാണ് വിരമിച്ചത്.
ആതുരസേവന രംഗത്ത്, പ്രത്യേകിച്ച് ആദ്യകാല മലയാളി നഴ്‌സിംഗ് സമൂഹത്തിന് വഴികാട്ടിയും പ്രേരണയുമായി മാറി അവരുടെ പ്രവർത്തനങ്ങൾ. നോർത്ത് ടെക്‌സാസിലെ ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ (IANANT) സ്ഥാപിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ഒരു സ്ഥാപക അംഗം കൂടിയായിരുന്നു അവർ.
ആത്മീയവും സാമൂഹികവുമായ നേതൃത്വം:
തീക്ഷ്ണമായ ദൈവവിശ്വാസമായിരുന്നു ഏലിക്കുട്ടി ഫ്രാൻസിസിന്റെ ജീവിതത്തിന്റെ ചാലകശക്തി. ഡാളസിലെ സിറോ മലബാർ പള്ളിയുടെ വളർച്ചയിൽ ഏലിക്കുട്ടി ഫ്രാൻസിസ് വഹിച്ച പങ്ക് ചരിത്രപരമാണ്. 1984-ൽ ഗാർലൻഡ് സീറോ-മലബാർ മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് ഏലിക്കുട്ടിയും പരേതനായ ഭർത്താവ് സി.എൽ. ഫ്രാൻസിസും ചേർന്നായിരുന്നു. ഈ മിഷൻ പ്രവർത്തനങ്ങളാണ് പിൽക്കാലത്ത് ഇന്ത്യക്കു പുറത്തുള്ള ആദ്യ സീറോ മലബാർ പാരിഷായ ഗാർലൻഡ് സെന്റ് തോമസ് ദേവാലയത്തിന്റെ സ്ഥാപനത്തിന് അടിത്തറ പാകിയത്.
അന്നത്തെ മിഷൻ വികാരിയും പിൽക്കാലത്ത് രൂപതയുടെ പ്രഥമ മെത്രാനുമായിത്തീർന്ന മാർ ജേക്കബ് അങ്ങാടിയത്തിലൂടെയാണ് പിൽക്കാലത്ത് നോർത്ത് അമേരിക്കൻ സീറോ-മലബാർ രൂപതയുടെ സ്ഥാപനത്തിന് നാന്ദി കുറിച്ചത് എന്നത് ആ ജീവിതത്തിന്റെ ആത്മീയ ധന്യതയെ സാക്ഷ്യപ്പെടുത്തുന്നു.
2008-ൽ കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയം സ്ഥാപിക്കുന്നതിലും ഒരു സ്ഥാപകാംഗം എന്ന നിലയിൽ അവർ നിർണ്ണായക പങ്ക് വഹിച്ചു. ഇടവക പാരീഷ് കൗൺസിൽ , രൂപത പാസ്റ്ററൽ കൗൺസിൽ എന്നീ നിലകളിൽ ശ്രദ്ധേയമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സീറോ മലബാർ കാത്തലിക് കോൺഗ്രസ് (SMCC) ഡാളസ്, കൊപ്പേൽ ചാപ്റ്ററുകളുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു ഏലിക്കുട്ടി. കൊപ്പേൽ ഇടവകയിലെ ലീജിയൻ ഓഫ് മേരി സംഘടനയിലെ സജീവ സാന്നിധ്യമായിരുന്ന അവർ ആത്മീയ കാര്യങ്ങളിൽ എന്നും സഹപ്രവർത്തകർക്ക് ഒരു മാതൃകയായിരുന്നു.
കരുത്തുറ്റ സ്വഭാവവും അതോടൊപ്പം കാരുണ്യവും മുഖമുദ്രയാക്കിയ ഏലിക്കുട്ടി ഫ്രാൻസിസ്, നൂറിലധികം ഇന്ത്യൻ കുടുംബങ്ങളെ അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ സഹായിച്ചിട്ടുണ്ട്. അദ്ധ്വാനമാണ് ജീവിതത്തിന്റെ യഥാർത്ഥ വിജയമെന്ന് സ്വന്തം ജീവിതത്തിലൂടെ അമേരിക്കൻ മലയാളികൾക്ക് കാട്ടിക്കൊടുത്ത കർമ്മയോഗിയായിരുന്നു എലിക്കുട്ടി ഫ്രാൻസിസ്. അക്ഷീണമായ പരിശ്രമവും നിശ്ചയദാർഢ്യവുമാണ് ആ ജീവിതത്തെ വേറിട്ടുനിർത്തിയത്.
എടുത്ത തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാനുള്ള ആർജ്ജവവും മാറിയ സാഹചര്യങ്ങളിൽ പതറാതെ അവയെ നേരിടാനുള്ള കഴിവും ആ ജീവിതശൈലിയുടെ പ്രത്യേകതയായിരുന്നു. വെല്ലുവിളികളെ അതിജീവിച്ച് നന്മയുടെ പാതയിൽ മുന്നേറാൻ ആന്റി കാട്ടിയ ആത്മവിശ്വാസം വരുംതലമുറയ്ക്ക് വലിയൊരു പാഠമാണ്.
ഡാളസിലെ ഒട്ടുമിക്ക സാംസ്കാരിക-സാമൂഹിക സംഘടനകളുമായും അടുത്ത സൗഹൃദം പുലർത്തിയിരുന്ന ഏലിക്കുട്ടി ഫ്രാൻസിസ് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. അമേരിക്കയിലുടനീളം വ്യാപിച്ചുകിടക്കുന്ന വലിയൊരു സുഹൃദ്‌വലയത്തിന് ഉടമയായിരുന്നു അവർ.



