മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്:കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന അമേരിക്കയിലെ മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ (IPCNA) ന്യൂയോർക്ക് ചാപ്റ്ററിനെ അടുത്ത രണ്ടു വർഷക്കാലം നയിക്കുവാനുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡൻറ് ഷോളി കുമ്പിളുവേലിയുടെ അദ്ധ്യക്ഷതയിൽ ഡിസംബർ 21 ഞായറാഴ്ച റോക്‌ലാൻഡ് കൗണ്ടിയിലുള്ള മലബാർ പാലസ് റെസ്റ്റോറന്റിൽ കൂടിയ ന്യൂയോർക്ക് ചാപ്റ്റർ ദ്വൈവാർഷിക പൊതുയോഗത്തിൽ വച്ച് 2026-2027 വർഷം പ്രസ് ക്ലബ്ബിനെ നയിക്കുവാൻ സജി എബ്രഹാമിനെ പ്രസിഡന്റായും, മാത്യുക്കുട്ടി ഈശോയെ സെക്രട്ടറിയായും താജ് മാത്യുവിനെ ട്രഷററായും, ബിനു തോമസിനെ വൈസ് പ്രസിഡന്റായും, ജോർജ് തുമ്പയിലിനെ ജോയിന്റ് സെക്രട്ടറിയായും, സജി കീക്കാടനെ ജോയിന്റ് ട്രഷററായും ഏകകണ്ഠമായി തെരഞ്ഞെടുത്തു.
2024-2025 വർഷം ഐ.പി.സി.എൻ.എ-യുടെ നാഷണൽ പ്രസിഡന്റായി പ്രവർത്തിച്ച സുനിൽ ട്രൈസ്റ്റാർ, അടുത്ത രണ്ടു വർഷത്തെക്കുള്ള നിയുക്ത നാഷണൽ പ്രസിഡൻറ് രാജു പള്ളത്ത്, മുൻ നാഷണൽ പ്രസിഡന്റും ഈ-മലയാളീ ഓൺലൈൻ പത്രത്തിൻറെ മാനേജിങ് എഡിറ്ററുമായ ജോർജ് ജോസഫ്. മുൻ നാഷണൽ പ്രസിഡൻറ് താജ് മാത്യു, ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡൻറ് ഷോളി കുമ്പിളുവേലിൽ, ചാപ്റ്റർ സെക്രട്ടറി ജോജോ കൊട്ടാരക്കര, ചാപ്റ്റർ ട്രഷറർ ബിനു തോമസ്, കൈരളി ചാനൽ ബോർഡ് അംഗം ജോസ് കാടാപുറം, സജി എബ്രഹാം, ജോർജ് തുമ്പയിൽ, മാത്യുക്കുട്ടി ഈശോ, സജി കീക്കാടൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പ്രസ്സ് ക്ലബ്ബിൻറെ തുടക്ക കാലം മുതൽ അംഗമായ സജി എബ്രഹാം സംഘടനയുടെ സജീവ പ്രവർത്തകനാണ്. മൂന്നു പതിറ്റാണ്ടു മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ സജി പ്രാരംഭ കാലങ്ങളിൽ കേരള ഭൂഷണം പത്രത്തിൻറെ അമേരിക്കൻ ഡയറക്ടറും, കറസ്പോണ്ടന്റുമായിരുന്നു. അമേരിക്കയിലെ വിവിധ സംഭവ വികാസങ്ങൾ കേരളത്തിലെ വായനക്കാരിലേക്ക് നേരിട്ടെത്തിക്കുന്നതിൽ സജിയുടെ റിപ്പോർട്ടുകൾ നിർണ്ണായകമായിരുന്നു. വിവിധ രീതിയിൽ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾക്കും പുരോഗതിക്കും മുൻനിരയിൽ നിന്ന് ചുക്കാൻ പിടിച്ച വ്യക്തിയാണെങ്കിലും ന്യൂയോർക്ക് ചാപ്റ്ററിൻറെ പ്രസിഡൻറ് എന്ന നിലയിൽ സാരഥ്യം ഏറ്റെടുക്കുന്നത് ഇത് ആദ്യമായാണ്. 2025 വർഷം അമേരിക്കയിലെ ഏറ്റവും ആദ്യ മലയാളി സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ അൻപത്തിമൂന്നാമത് പ്രസിഡന്റായി സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവച്ചതിനു ശേഷമാണ് അടുത്ത രണ്ടു വർഷത്തേക്ക് പ്രസ് ക്ലബ്ബ് ന്യൂയോർക്ക് ചാപ്റ്ററിൻറെ സാരഥ്യം ഏറ്റെടുക്കുന്നത്.
ചാപ്റ്റർ പ്രസിഡൻറ് എന്ന നിലയിൽ അടുത്ത രണ്ടു വർഷത്തേക്ക് നിരവധി പരിപാടികളാണ് സജി വിഭാവനം ചെയ്യുന്നത്. അതിൽ മുഖ്യ പ്രാധാന്യം നൽകുന്നത് നിലവിൽ നടന്നു കൊണ്ടിരിക്കുന്ന പ്രസ്സ് മീറ്റുകൾ കൂടുതൽ വിപുലമാക്കുക എന്നതാണ്. ന്യൂയോർക്കിലും പ്രാന്ത പ്രദേശങ്ങളിലും നടക്കുന്ന മലയാളീ സംഘടനകളുടെയും, സ്പോർട്സ് ക്ലബ്ബ്കളുടെയും, വിവിധ മത സ്ഥാപനങ്ങളുടെയും നിരവധി പരിപാടികളെപ്പറ്റിയും ബിസിനെസ്സ് സംരംഭകരുടെ പുതിയ പ്രോഡക്ടുകളെപ്പറ്റിയും പ്രസ്സ് മീറ്റുകൾ നടത്തി വിവിധ മാധ്യമങ്ങളിലൂടെ പൊതുജന ശ്രദ്ധയിലേക്ക് എത്തിക്കുക എന്നതാണ് പ്രസ്സ് മീറ്റിലൂടെ ഉദ്ദേശിക്കുന്നത്. അതിനു താല്പര്യമുള്ളവർക്ക് പ്രസ്തുത സൗകര്യങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. ചാപ്റ്റർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഉടൻ സജി ന്യൂയോർക്കിൽ പ്രസ്താവിച്ചതാണ് ഈക്കാര്യം.
ന്യൂയോർക്കിലെ അറിയപ്പെടുന്ന ഫ്രീലാൻസ് മാധ്യമ പ്രവർത്തകനാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മാത്യുക്കുട്ടി ഈശോ. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ന്യൂയോർക്ക് മലയാളികളുടെ ഇടയിൽ സുപരിചിതനായ മാധ്യമ റിപ്പോർട്ടറും വിവിധ മാധ്യമങ്ങളിലെ കോളമിസ്റ്റുമാണ് മാത്യുക്കുട്ടി. ഫോട്ടോഗ്രാഫർ, വീഡിയോഗ്രാഫർ, വീഡിയോ എഡിറ്റർ, ന്യൂസ് ലേഖകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിൽ പ്രോട്ടോകോൾ ഓഫീസറായി ചുരുങ്ങിയ വർഷങ്ങളിൽ സേവനം ചെയ്ത അദ്ദേഹം ഓ.സി.ഐ., പാസ്സ്‌പോർട്ട്, വിസാ, പവർ ഓഫ് അറ്റോർണി, ട്രസ്റ്റ്, വിൽപത്രം, തുടങ്ങി സമൂഹത്തിൽ പലർക്കും സഹായകരമായ വിവിധ സേവനങ്ങളും ചെയ്തുവരുന്നു. കഴിഞ്ഞ വർഷവും ഈ വർഷവും കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ സെക്രട്ടറിയായും സേവനം അനുഷ്ഠിക്കുന്നു.
1990-കളുടെ ആദ്യ പാതിയിൽ കോട്ടയം മലയാള മനോരമ റിപ്പോർട്ടറായി മാധ്യമ പ്രവർത്തനം ആരംഭിച്ച വ്യക്തിയാണ് ട്രഷററായി ചുമതല ഏൽക്കുന്ന താജ് മാത്യു. പിന്നീട് തൊണ്ണൂറുകളുടെ മദ്ധ്യത്തിൽ അമേരിക്കയിലേക്ക് കുടിയേറിയ താജ് ന്യൂയോർക്കിലും മാധ്യമ പ്രവർത്തനം തുടർന്നു. ഏതാനും വർഷങ്ങൾ മുമ്പ് വരെ ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീക്കരിച്ചിരുന്ന “മലയാളം പത്ര”ത്തിൻറെ എഡിറ്ററും പ്രസാധകരിൽ ഒരാളുമായിരുന്നു താജ്. ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ തുടക്കകാല അംഗങ്ങളിൽ ഒരാളായിരുന്ന താജ് മാത്യു പ്രസ്സ് ക്ലബ്ബിലെ നാഷണൽ പ്രസിഡൻറ് എന്ന നിലയിൽ അഭിമാനാർഹമായ സേവനം കാഴ്ചവച്ച് ഏവരുടെയും പ്രശംസ നേടിയിട്ടുണ്ട്. നിലവിൽ മലയാള മനോരമയിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും സ്ഥിരമായി ലേഖനങ്ങളും എഴുതുന്നുണ്ട്. പ്രസ്സ് ക്ളബ്ബിന് തികച്ചും ഒരു മുതൽക്കൂട്ടാണ് ചാപ്റ്റർ ട്രഷറർ താജ് മാത്യു.
ഫോട്ടോ-വീഡിയോ ജേർണലിസ്റ്റ് എന്ന നിലയിലും ഫോട്ടോ പ്രൊഫഷണൽ എന്ന പേരിലും ന്യൂയോർക്കിലും സമീപ സംസ്ഥാനങ്ങളിലും അറിയപ്പെടുന്ന വ്യക്തിയാണ് വൈസ് പ്രസിഡൻറ് ബിനു തോമസ്. 2024 -2025 വർഷങ്ങളിൽ പ്രസ് ക്ലബ്ബ് ചാപ്റ്റർ ട്രഷററായി സ്തുത്യർഹമായി പ്രവർത്തിച്ചിട്ടുണ്ട്. 2025 ഒക്ടോബർ ആദ്യവാരം ന്യൂജേഴ്‌സിയിൽ നടന്ന ഐ.പി.സി.എൻ.എ.-യുടെ അന്താരാഷ്ട്ര മാധ്യമ കോൺഫ്രൻസിൻറെ വൻ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് ബിനു. ന്യൂയോർക്ക് ചാപ്റ്ററിന്റെ പ്രസ്സ് മീറ്റ് പരിപാടികളിൽ വീഡിയോ റെക്കോർഡിങ്ങിനും ഇന്റർവ്യൂകൾക്കും മുഖ്യ പങ്ക് വഹിക്കുന്നു. 24 ന്യൂസ് ചാനൽ, ഫ്‌ളവേഴ്‌സ് ടി വി, ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിയ ചാനലുകളിലേക്ക് ന്യൂയോർക്കിലെ വിവിധ പരിപാടികളുടെ ദൃശ്യഭംഗികൾ എത്തിച്ചു നൽകുന്ന മാധ്യമ പ്രവർത്തകൻ കൂടിയാണ് ബിനു.
ജോയിന്റ് സെക്രട്ടറിയായി സ്ഥാനമേൽക്കുന്ന ജോർജ് തുമ്പയിൽ അമേരിക്കയിൽ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനാണ്. ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന “മലയാളം” ന്യൂസ്പേപ്പറിൽ ദീർഘകാലം എഡിറ്റർ ആയിരുന്നു. ഇപ്പോൾ സ്ഥിരമായി വിവിധ ഓൺലൈൻ പത്രങ്ങളിലും അച്ചടി മാധ്യമങ്ങളിലും വിവിധ റിപ്പോർട്ടുകളും ലേഖനങ്ങളും കോളമുകളും എഴുതുന്ന പ്രമുഖ മാധ്യമ പ്രവർത്തകനാണ്. ഐ.പി.സി.എൻ.എ-യുടെ വിവിധ പദവികളിൽ സേവനം അനുഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് ജോർജ് തുമ്പയിൽ.
നല്ലൊരു എഴുത്തുകാരനും ഫ്രീലാൻസ് മാധ്യമ പ്രവർത്തകനുമാണ് ഐ.പി.സി.എൻ. എ ന്യൂയോർക്ക് ചാപ്റ്റർ ജോയിന്റ് ട്രഷററായി സ്ഥാനമേൽക്കുന്ന സജി കീക്കാടൻ. ദീർഘ കാലമായി പ്രസ്സ് ക്ലബ്ബ് അംഗമായിരിക്കുന്ന സജി ക്ലബ്ബിൻറെ എല്ലാ പ്രവർത്തനങ്ങളിലും സജീവ പ്രവർത്തകനാണ്. വിവിധ ഓൺലൈൻ പേപ്പറുകളിലും അച്ചടി മാധ്യമത്തിലും ശ്രദ്ധേയമായ ലേഖനങ്ങൾ സജിയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജോയിന്റ് ട്രഷറർ എന്ന നിലയിൽ സജിയുടെ സേവനം ന്യൂയോർക്ക് ചാപ്റ്ററിന് പ്രത്യേക ഊർജ്ജം പകരുന്നതാണ്.



