Thursday, February 5, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകാനഡയിലെ പെരിയാർതീരം അസോസിയേഷൻ പത്താം വാർഷികാഘോഷം പ്രൗഢഗംഭീരമായി; എഡ്മന്റണിൽ മലയാളി കരുത്തിന്റെ വിളംബരം

കാനഡയിലെ പെരിയാർതീരം അസോസിയേഷൻ പത്താം വാർഷികാഘോഷം പ്രൗഢഗംഭീരമായി; എഡ്മന്റണിൽ മലയാളി കരുത്തിന്റെ വിളംബരം

എഡ്മന്റൺ: കാനഡയിലെ ആൽബെർട്ട പ്രവിശ്യയിലെ എഡ്മന്റൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ മലയാളി കൂട്ടായ്മയായ ‘പെരിയാർതീരം അസോസിയേഷൻ’ തങ്ങളുടെ പ്രവർത്തനപഥത്തിലെ പത്താം വാർഷികം അത്യന്തം ആവേശകരമായ പരിപാടികളോടെ ആഘോഷിച്ചു.

അങ്കമാലി, മലയാറ്റൂർ-നീലേശ്വരം, മഞ്ഞപ്ര, കാലടി, കാഞ്ഞൂർ, നെടുമ്പാശ്ശേരി, അയ്യമ്പുഴ, കറുകുറ്റി, മൂക്കന്നൂർ, തുറവൂർ, പാറക്കടവ്, ശ്രീമൂലനഗരം, ചെങ്ങമനാട് തുടങ്ങി പെരിയാറിന്റെ തീരപ്രദേശങ്ങളിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും മുനിസിപ്പാലിറ്റികളിൽ നിന്നും എഡ്മന്റണിൽ കുടിയേറിയ കുടുംബങ്ങളുടെ ഈ കൂട്ടായ്മ, പ്രവാസലോകത്ത് കേരളീയ തനിമയുടെയും സാഹോദര്യത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ്.

സാംസ്കാരികം, വിദ്യാഭ്യാസം, ജീവകാരുണ്യം, കായികം തുടങ്ങിയ മേഖലകളിൽ സജീവമായ അസോസിയേഷൻ, കേരളീയ പൈതൃകം പുതുതലമുറയ്ക്ക് കൈമാറുന്നതിലും നാട്ടിലെ നിർധനരായവർക്ക് വർഷാവർഷം ചികിത്സാ സഹായം എത്തിക്കുന്നതിലും മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. 2026 ജനുവരി 2, 3 തീയതികളിൽ എഡ്മന്റണിലെ ബാൽവിൻ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ആഘോഷ പരിപാടികൾ പ്രമുഖ മലയാള ചലച്ചിത്ര താരം, നിർമ്മാതാവ്, സവോയ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമയുമായ സജയ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കോസ്മോ ഓട്ടോ സർവീസസിലെ ജോമി ജോർജ് വാർഷിക ഡയറക്ടറി പ്രകാശനം ചെയ്തു.

പുതുതായി നിർമ്മിച്ച വീടിന്റെ ഡിജിറ്റൽ കീ കൈമാറലും അതിന്റെ നാല് മാസത്തെ നിർമ്മാണ പുരോഗതി വിവരിക്കുന്ന അവതരണവും സുനിൽ പൗലോസ് നിർവ്വഹിച്ചു. ചടങ്ങിൽ ഇന്ത്യയിലെ ഏറ്റവും വലിയ സോഷ്യൽ വർക്ക് സംഘടനയുടെ പുരസ്കാരം ലഭിച്ച ഡോ. ബൈജു പി.വി.യെ അസോസിയേഷൻ ആദരിച്ചു. ജനറൽ കൺവീനർ സുനിൽ തെക്കേക്കര സ്വാഗതവും പ്രസിഡന്റ് ജോസ് തോമസ് അധ്യക്ഷ പ്രസംഗവും നടത്തി. പ്രോഗ്രാം കോർഡിനേറ്റർ വിൻസൺ കോണുകുടി നന്ദി രേഖപ്പെടുത്തി.

പത്താം വാർഷികത്തിന്റെ തിളക്കമാർന്ന സ്മരണയ്ക്കായി മലയാറ്റൂർ- നീലേശ്വരം പഞ്ചായത്തിലെ രണ്ടാം വാർഡിലെ ഒരു നിർദ്ധന കുടുംബത്തിന് പെരിയാർതീരം നിർമ്മിച്ചു നൽകിയ സ്നേഹവീട് അസോസിയേഷന്റെ കാരുണ്യപ്രവർത്തനങ്ങളിലെ നാഴികക്കല്ലായി മാറി. വർണ്ണാഭമായ കലാവിരുന്നും വിഭവസമൃദ്ധമായ സദ്യയും വാർഷികാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ കലാപരിപാടികൾ കാണികളെ ആവേശത്തിലാഴ്ത്തി. പെരിയാർതീരത്തിന്റെ ഐക്യവും കരുത്തും വിളിച്ചോതുന്ന പത്താം വാർഷിക തീം സോങ് അംഗങ്ങൾ ഒത്തുചേർന്ന് പാടിയത് പരിപാടിയുടെ ഹൃദ്യമായ തുടക്കമായി. കുട്ടികളുടെയും മുതിർന്നവരുടെയും നേതൃത്വത്തിൽ നടന്ന സിനിമാറ്റിക് ഡാൻസ്, ഗാനമേള എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.

പ്രവാസ മണ്ണിലും മലയാള തനിമ ഒട്ടും ചോരാത്ത രീതിയിലുള്ള അവതരണങ്ങൾ കാണികളുടെ കൈയടി നേടി. ആഘോഷങ്ങളുടെ ഭാഗമായി നടന്ന ലക്കി ഡ്രോയിലൂടെ 1500 ഡോളറിലധികം മൂല്യമുള്ള ആകർഷകമായ സമ്മാനങ്ങളാണ് വിവിധ കുടുംബങ്ങൾക്ക് വിതരണം ചെയ്തത്. ഇത് അംഗങ്ങൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചു.

പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന് വിഭവസമൃദ്ധമായ ഭക്ഷണമായിരുന്നു. കേരളത്തിന്റെ നാടൻ രുചികളും കനേഡിയൻ സ്റ്റൈൽ വിഭവങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള ഫ്യൂഷൻ ഡിന്നർ അതിഥികൾക്ക് വേറിട്ടൊരു അനുഭവമായി.

പെരിയാർതീരം അസോസിയേഷന്റെ പത്താം വാർഷികം വെറുമൊരു ആഘോഷം എന്നതിലുപരി, ഒത്തൊരുമയുടെയും കാരുണ്യത്തിന്റെയും വലിയൊരു സന്ദേശമാണ് കാനഡയിലെ മലയാളി സമൂഹത്തിന് നൽകിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments