കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള ഇറക്കുമതികൾക്ക് തീരുവ 25 ശതമാനമാക്കിയ യുഎസ് തീരുമാനം ഉടൻ നടപ്പാക്കും. ഫെബ്രുവരി ഒന്നിന് തീരുമാനം പ്രഖ്യാപിച്ചെങ്കിലും ഒരു മാസത്തെ അവധി നൽകിയിരുന്നു ട്രംപ്. ഈ വരുന്ന മാർച്ച് നാലിന് ആ ഇളവ് കാലാവധി അവസാനിക്കുകയാണ്. അന്നു മുതൽ ട്രംപ് തീരുവ ഏർപ്പെടുത്തും എന്ന് വ്യക്തമാക്കി കഴിഞ്ഞു.
ഫെബ്രുവരി 1 ന് മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾക്ക് 25% തീരുവയും കനേഡിയൻ ഇന്ധനത്തിന് 10% തീരുവയും ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ട്രംപ് ഒപ്പുവച്ചു.
യുഎസ് അതിർത്തികളിൽ കുറ്റകൃത്യങ്ങളും മയക്കുമരുന്ന് കടത്തും തടയുന്നതിൽ മെക്സിക്കോയും കാനഡയും പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ട്രംപ് താരിഫ് തീരുമാനം എടുത്തത്.
എന്നാൽ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും അതിർത്തി പൊലീസിംഗ് ശ്രമങ്ങൾ ഊർജിതമാക്കുമെന്ന് അറിയിച്ചതിനെ തുടർന്ന്, രണ്ട് ദിവസത്തിന് ശേഷം ട്രംപ് പുതിയ താരിഫുകൾ താൽക്കാലികമായി നിർത്തലാക്കിയതായി അറിയിക്കുകയായിരുന്നു.
ഫെബ്രുവരി 3 ന് കനേഡിയൻ ഉൽപ്പന്നങ്ങളുടെ തീരുവ 30 ദിവസത്തേക്ക് താൽക്കാലികമായി നിർത്തുമെന്നും മെക്സിക്കൻ ഇറക്കുമതിയുടെ തീരുവ ഒരു മാസത്തേക്ക് മാറ്റിവയ്ക്കുമെന്നും ട്രംപ് അറിയിക്കുകയായിരുന്നു. എന്നാൽ ഈ ഒരുമാസത്തിനിടെ താരിഫ് വർധന സംബന്ധിച്ച കാനഡയുമായോ മെക്സിക്കോയുമായോ ഒരു ചർച്ചയും ട്രംപ് നടത്തിയതായി ഔദ്യോഗിക വിവരമില്ല.
ട്രംപ് അധികാരത്തിലെത്തിയ ആദ്യ മാസത്തിൽ തന്നെ ചൈനീസ് ഇറക്കുമതികൾക്ക് 10% തീരുവ ഏർപ്പെടുത്തുകയും അമേരിക്കൻ വ്യാപാര പങ്കാളികൾക്ക് “പരസ്പര താരിഫ്” ഏർപ്പെടുത്താനുള്ള പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. യുഎസ് ഇറക്കുമതികൾക്ക് ചൈന ഇതിനകം തന്നെ വൻ താരിഫുകൾ ഏർപ്പെടുത്തിയിട്ടുണ്ട്, ഇത് രണ്ട് ശത്രുശക്തികൾ തമ്മിലുള്ള വ്യാപാര യുദ്ധം വേഗത്തിൽ വഷളാകുമെന്ന ആശങ്കയ്ക്ക് കാരണമായി.
അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളും മികച്ച വ്യാപാര പങ്കാളികളുമായ മെക്സിക്കോയ്ക്കും കാനഡയ്ക്കും സമാനമായ താരിഫ് ഭീഷണി ട്രംപ് കൊണ്ടുവന്നത് എല്ലാ രാജ്യങ്ങളേയും ഞെട്ടിച്ചിരിക്കുകയാണ്.
താരിഫ് എന്നത് ട്രംപിന് ഒരു ആയുധവും വിലപേശൽ തന്ത്രവുമാണ്. ആ താരിഫ് യുദ്ധത്തിൽ ആരൊക്കെ വീഴും എന്ന് കണ്ടറിയണം. മധുരിച്ചിട്ട് തുപ്പാലും വയ്യ, കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന നിലപാടിലാണ് ഇന്ത്യയെ പോലുള്ള രാജ്യങ്ങൾ.