ന്യൂയോർക്ക്: ഒരാഴ്ചയായി നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ത്യൻ വംശജരായ നാല് മുതിർന്ന പൗരന്മാർ അമേരിക്കയിൽ കാർ അപകടത്തിൽ മരിച്ചതായി സ്ഥിരീകരിച്ചു. ഡോ. കിഷോർ ദിവാൻ (89), ഭാര്യ ആശാ ദിവാൻ (85), ശൈലേഷ് ദിവാൻ (86), ഗീത ദിവാൻ (84) എന്നിവരാണ് മരിച്ചത്. ഇവർ താമസിച്ചിരുന്ന ന്യൂയോർക്കിലെ ബഫല്ലോയിൽ നിന്ന് വെസ്റ്റ് വെർജീനിയയിലെ ഇസ്കോൺ സ്ഥാപകൻ ശ്രീല പ്രഭുപാദയുടെ സ്മാരകമായ പാലസ് ഓഫ് ഗോൾഡ് എന്നറിയപ്പെടുന്ന ക്ഷേത്രത്തിലേക്കാണ് സംഘം യാത്ര ചെയ്തിരുന്നത്.
ക്ഷേത്രത്തിലേക്കുള്ള റോഡ് യാത്രക്കിടെ ബിഗ് വീലിങ് ക്രീക്ക് റോഡിന് സമീപമുള്ള കൊക്കയിലേക്ക് ഇവർ സഞ്ചരിച്ച കാർ മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 9.30നാണ് ഇവരുടെ വാഹനം കണ്ടെത്തിയത്. ജൂലൈ 29ന് പെൻസിൽവേനിയയിലെ എറിയിലുള്ള ബർഗർ കിങ് റസ്റ്ററന്റിൽ വച്ചാണ് ഇവരെ അവസാനമായി ജീവനോടെ കണ്ടത്.
1962ൽ ഇന്ത്യയിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ ഡോ. കിഷോർ ദിവാൻ അനസ്‌തേഷ്യോളജിസ്റ്റായി പ്രവർത്തിച്ച് വരികയായിരുന്നു. അപകടകാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.



