(കെ.എച്ച്.എൻ.എ ന്യൂസ് മീഡിയ)
കണക്റ്റിക്കട്ട്: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ കെ.എച്ച്.എൻ.എ (KHNA) യുടെ കണക്റ്റിക്കട്ട്, മസാച്യുസെറ്റ്‌സ് റീജിയണൽ വൈസ് പ്രസിഡന്റായി (RVP) ശ്രീലക്ഷ്മി അജയിനെ നാമനിർദേശം ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി ഈ മേഖലയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ആർ.വി.പി എന്ന നിലയിൽ ശ്രീലക്ഷ്മി സ്തുത്യർഹമായ സേവനമാണ് കാഴ്ചവെക്കുന്നത്.
ചങ്ങനാശേരി സ്വദേശിനിയായ ശ്രീലക്ഷ്മി തൊഴിൽപരമായി ഡാറ്റാ സയന്റിസ്റ്റാണ്. മികച്ച ഒരു ഗായിക കൂടിയായ അവർ കെ.എച്ച്.എൻ.എയുടെ സാംസ്കാരിക-സാമൂഹിക വേദികളിലെ സജീവ സാന്നിധ്യമാണ്. മുൻപ് കേരള അസോസിയേഷൻ ഓഫ് കണക്റ്റിക്കട്ടിന്റെ (KACT) ബോർഡ് ഓഫ് ഡയറക്ടറായും ആർട്‌സ് ക്ലബ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള അവർക്ക് കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിലും അവ പ്രോത്സാഹിപ്പിക്കുന്നതിലും മികച്ച നേതൃപാടവമുണ്ട്.
നിലവിൽ ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം കണക്റ്റിക്കട്ടിൽ താമസിക്കുന്ന ശ്രീലക്ഷ്മി, നമ്മുടെ സാംസ്കാരിക പൈതൃകം മുറുകെ പിടിച്ചുകൊണ്ട് സമൂഹത്തിന് ഗുണകരമായ പ്രവർത്തനങ്ങൾ വരുംതലമുറകളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ശ്രീലക്ഷ്മി അജയിന്റെ നിയമനത്തെ കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ ഹൃദ്യമായി സ്വാഗതം ചെയ്തു. “കഴിഞ്ഞ രണ്ട് വർഷമായി കണക്റ്റിക്കട്ട് റീജിയണിൽ വീണാ പിള്ളയോടൊപ്പം ചേർന്ന് കെ.എച്ച്.എൻ.എയ്ക്ക് വേണ്ടി ശ്രീലക്ഷ്മി നടത്തിവരുന്ന പ്രവർത്തനങ്ങൾ തികച്ചും അഭിനന്ദനാർഹമാണ്. അവരുടെ പ്രൊഫഷണൽ മികവും കലാപരമായ കഴിവും സംഘടനയുടെ ഭാവി പരിപാടികൾക്ക് വലിയ കരുത്താകും,” എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവരും ശ്രീലക്ഷ്മി അജയിന് ആശംസകൾ നേർന്നു.



