(കെ.എച്ച്.എൻ.എ ന്യൂസ് മീഡിയ)
നാഷ്‌വിൽ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ കെ.എച്ച്.എൻ.എ (KHNA) യുടെ ടെന്നസി റീജിയണൽ വൈസ് പ്രസിഡന്റായി (RVP) ആശാ പതിയേരിയെ നാമനിർദേശം ചെയ്തു. സംഘടനയുടെ പ്രവർത്തനങ്ങൾ ടെന്നസി മേഖലയിൽ കൂടുതൽ കരുത്തുറ്റതാക്കുന്നതിന്റെ ഭാഗമായാണ് സാംസ്കാരിക-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യമായ ആശയെ ഈ ഉത്തരവാദിത്തം ഏൽപ്പിച്ചത്.
നാഷ്‌വില്ലിലെ ‘നിർമാല്യം’ സത്സംഗ ഗ്രൂപ്പിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായ അവർ, ടെന്നസിയിലെ മലയാളി ഹിന്ദുക്കളുടെ കൂട്ടായ്മയായ ‘അത്മ’ (ATHMA – All Tennessee Hindu Malayalee Association) രൂപീകരിക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു. 2024-ൽ അന്നത്തെ കെ.എച്ച്.എൻ.എ പ്രസിഡന്റായിരുന്ന ഡോ. നിഷ പിള്ളയാണ് ‘അത്മ’യുടെ ഉദ്ഘാടനം നിർവഹിച്ചത്. മുൻപ് 2021-2023 കാലയളവിൽ കെ.എച്ച്.എൻ.എ നാഷ്‌വിൽ ആർ.വി.പി ആയും, 2023-2025 കാലയളവിൽ ടെന്നസി സ്റ്റേറ്റ് വൈസ് പ്രസിഡന്റായും ആശാ പതിയേരി സ്തുത്യർഹമായ സേവനം കാഴ്ചവെച്ചിട്ടുണ്ട്.
കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ ആശാ പതിയേരി നിലവിൽ നാഷ്‌വില്ലിലാണ് താമസം. വെറ്ററൻസ് അഫയേഴ്‌സിൽ (Veterans Affairs) ഗ്യാസ്‌ട്രോ എന്ററോളജി നഴ്‌സായി ജോലി ചെയ്യുന്ന അവർ ഔദ്യോഗിക രംഗത്തും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നു. അനിൽ പതിയേരിയാണ് ഭർത്താവ്. മകൾ കല്ല്യാണി പതിയേരി. സനാതന ധർമ്മവും സാംസ്കാരിക പൈതൃകവും വരുംതലമുറകളിലേക്ക് പകർന്നു നൽകുക എന്നതും, ആ മൂല്യങ്ങൾ സമൂഹത്തിന് വഴികാട്ടിയാവുക എന്നതുമാണ് തന്റെ ലക്ഷ്യമെന്ന് അവർ വ്യക്തമാക്കി.
ആശാ പതിയേരിയുടെ സംഘാടക മികവും അനുഭവസമ്പത്തും സംഘടനയുടെ വരുംകാല പ്രവർത്തനങ്ങൾക്ക് വലിയ ഊർജ്ജമാകുമെന്ന് കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു. “സംഘടനയുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചുള്ള ആശയുടെ പരിചയസമ്പത്ത് കെ.എച്ച്.എൻ.എയ്ക്ക് വലിയൊരു കരുത്താണ്. ടെന്നസി മേഖലയിൽ നമ്മുടെ സാംസ്കാരിക പ്രവർത്തനങ്ങളെ പുതിയ തലങ്ങളിലേക്ക് എത്തിക്കാൻ അവരുടെ നേതൃത്വത്തിന് സാധിക്കും,” എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവരും ആശാ പതിയേരിക്ക് ആശംസകൾ നേർന്നു.



