ലൂക്കോസ് മാത്യു
ഫിലാഡൽഫിയ : വേൾഡ് മലയാളീ കൌൺസിൽ ഫിലാഡൽഫിയ പ്രൊവിൻസിന്റെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവന്റെ സഹകരണത്തോടെ കേരളത്തിലെ 25 ജോഡി നിർധന യുവതീ യുവാക്കളുടെ വിവാഹം നടത്തി. ഈ ഒക്ടോബര് മാസം രണ്ടാം തീയതി, വ്യാഴാഴ്‌ച ഗാന്ധിജയന്തി ദിനത്തിലാണ് ഇരുപത്തിയഞ്ചു ജോഡി വധു വരന്മാർ അനേകരെ സാക്ഷിയാക്കി വിവാഹ ജീവിതത്തിലേക്ക് കടന്നത്.

താലിമാല, മോതിരം, വള, കമ്മൽ, ഉൾപ്പെടെയുള്ള സ്വർണ്ണാഭരണങ്ങൾ, വിവാഹ വസ്ത്രം, യാത്രാ ചിലവ്, പോക്കറ്റ് മണി അടക്കം വധുവരന്മാർക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും നിർവഹിച്ചത് വേൾഡ് മലയാളീ കൌൺസിൽ ഫിലാഡൽഫിയ പ്രൊവിൻസാണ്. മൂവായിരത്തിലധികം പേർക്ക് മൂന്ന് തരം പായസമടങ്ങിയ വിഭവസമൃദ്ധമായ സദ്യ ഗാന്ധിഭവൻ ഒരുക്കി.
സമൂഹ വിവാഹത്തിന് ശേഷം നടന്ന പൊതുസമ്മേളനം കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ, കൊടിക്കുന്നിൽ സുരേഷ് എം.പി., എൻ. കെ. പ്രേമചന്ദ്രൻ എം.പി., ശൂരനാട് മൗണ്ട് സീനായ് ആശ്രമം സുപ്പീരിയർ റെവ. ഗീവര്ഗീസ് റമ്പാൻ, പാളയം ചീഫ് മൗലവി വി.പി. സുഹൈബ്, സുഭാനന്ദാശ്രമം ജനറൽ സെക്രട്ടറി ഗീതാനന്ദസ്വാമി തുടങ്ങിയവർ പ്രസംഗിച്ചു.

ഫിലാഡൽഫിയ പ്രൊവിൻസ് ജനറൽ സെക്രട്ടറി ലൂക്കോസ് മാത്യു സ്വാഗതം അർപ്പിച്ചു. പ്രസിഡന്റ് നൈനാൻ മത്തായി അധ്യക്ഷ പ്രസംഗം നടത്തി. ഗാന്ധിഭവനുമായി സഹകരിച്ചു ഈ സമൂഹ വിവാഹം സമ്പൂർണ്ണ വിജയമാക്കി തീർക്കുവാൻ ജൂലൈ മാസം തന്നെ കേരളത്തിൽ എത്തി അക്ഷീണം പരിശ്രമിച്ച അദ്ദേഹം ഈ പദ്ധതിയുടെ പൂർണ വിവരങ്ങൾ തന്റെ അധ്യക്ഷ പ്രസംഗത്തിൽ കൂടി സദസ്സിനെ അറിയിച്ചു. ചെയർപേഴ്സൺ മറിയാമ്മ ജോർജ് ആശംസാ പ്രസംഗം നടത്തി. ട്രെഷറർ തോമസ്കുട്ടി വര്ഗീസ് നന്ദി പറഞ്ഞു. ഈ സമൂഹ വിവാഹത്തിൽ പങ്കു ചേരുവാൻ ഫിലാഡൽഫിയ പ്രൊവിൻസിന്റെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും നേരത്തെതന്നെ കേരളത്തിൽ എത്തിച്ചേർന്നിരുന്നു.

അതുപോലെ തന്നെ ഗോബൽ, റീജിയൻ, മറ്റു പ്രൊവിൻസുകളിൽനിന്നുമുള്ള അംഗങ്ങളും അവരുടെ ബന്ധു മിത്രാദികളും ഈ ചടങ്ങിൽ പങ്കെടുത്തു ഈ ചടങ്ങിനെ ഒരു വൻ വിജയമാക്കിത്തീർത്തു. പ്രൊവിൻസിന്റെ പ്രോഗ്രാം കോർഡിനേറ്റര്മാരായ പീറ്റർ വര്ഗീസ്, അജി പണിക്കർ, വുമൺ ഫോറം ചെയർ ഷൈലാ രാജൻ, കമ്മിറ്റി അംഗം നിർമല തോമസ്കുട്ടി എന്നിവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പ്രശംസനീയമായ സേവനങ്ങൾ ചടങ്ങുകൾക്ക് കൂടുതൽ നിറപ്പകിട്ടേകി.
ഫിലാഡൽഫിയ പ്രൊവിൻസിനോടൊപ്പം വേൾഡ് മലയാളീ കൌൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, ഗ്ലോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വര്ഗീസ്, ഗാന്ധി ഭവൻ സെക്രട്ടറി ഡോ: പുനലൂർ സോമരാജൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്ത്വം നൽകി





