പി. പി. ചെറിയാൻ
ഡാളസ്: ഗാർലാൻഡ് സിറ്റി ടാക്സ് ഇൻക്രിമെന്റ് ഫിനാൻസ് ബോർഡ് മെമ്പറും ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ഗ്ലോബൽ പ്രെസിഡന്റും സാമൂഹ്യ പ്രവർത്തകനുമായ പി. സി. മാത്യുവിനെ ഗാർലാൻഡ് സിറ്റി ബോർഡ് ആൻഡ് കമ്മീഷൻസ് വാർഷീക സമ്മേളനത്തിൽ ആദരിച്ചു. തന്റെ അകമഴിഞ്ഞ സേവനം 2023 – 2025 കാലയളവിൽ സീനിയർ സിറ്റിസൺസ് അഡ്വൈസറി കമ്മീഷനിൽ കാഴ്ച വച്ചതിനാലാണ് മനോഹരമായ ഗാർലാൻഡ് സിറ്റിയുടെ ലോഗോ പതിപ്പിച്ച പ്ലാക്ക് നൽകി ആദരിച്ചത്. മേയർ ഡിലൻ ഹെഡ്രിക്ക് പ്ലാക്ക് പി. സി മാത്യുവിന് കൈമാറിയപ്പോൾ സദസ് കൈയ്യടിയോടെ ആഹ്ലാദം പങ്കുവെച്ചു. സിറ്റി കൌൺസിൽ മെമ്പർമാരും, മറ്റു ബോർഡ് ആൻഡ് കമ്മീഷൻസ് അംഗങ്ങളും സിറ്റിയുടെ വിവിധ ഡിപ്പാർട്മെൻറ് സ്റ്റാഫുകളും പങ്കെടുത്തു സമ്മേളനം ആകർഷകമാക്കി. ടെക്സാസ് റേഞ്ചേഴ് റേഡിയോ ബ്രോഡ് കാസ്റ്റർ എറിക് നാഡർ നർമ രസമായ മുഖ്യ പ്രഭാഷണം നടത്തി.
സീനിയർ പൗരന്മാർക്കായി 17.4 മില്യൺ ഡോളർ ബജറ്റിൽ 27,000 ചതുരശ്ര അടി വലിപ്പത്തിലുള്ള ആക്റ്റിവിറ്റി സെന്റർ പണി ആരംഭിച്ചതായും ഇത് ഏകദേശം രണ്ടു വർഷത്തിനകം പൂർത്തിയാകുമെന്നും പി. സി. മാത്യു പറഞ്ഞു. ഗാർലാൻഡ് ഡൗൺടൗണിന് സമീപമാണ് ഈ കെട്ടിടം നിർമ്മിക്കുന്നത്. ഈ ബിൽഡിംഗ് പണിയുടെ ലക്‌ഷ്യം എന്താണെന്നു വെച്ചാൽ സീനിയർ പൗരന്മാർക്കായുള്ള പരിപാടികൾ, ആരോഗ്യപരിചരണം, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക എന്നുള്ളതാണ്. ഗെയിം റൂം, വ്യായാമ/ഫിറ്റ്നസ് റൂമുകൾ, വാക്കിംഗ് ട്രാക്ക്, സൗകര്യമുള്ള ആർട്സ് & ക്രാഫ്റ്റ്സ് റൂം, ലൈബ്രറി/കമ്പ്യൂട്ടർ ആക്സസ് റൂം, ഡൈനിംഗ്/കിച്ചൻ, മൾട്ടി-പർപ്പസ് പ്രോഗ്രാം റൂമുകൾ, തുറസായ സാമൂഹിക/വിനോദ മേഖല ഉൾപ്പെടെ പല സൗകര്യങ്ങളും ഈ ബിൽഡിങ്ങിൽ ഉണ്ടാവും. ഗാർലാൻഡിലെ എല്ലാ സീനിയർമാരുടെയും ജീവിത നിലവാരം ഉയർത്താൻ സഹായിക്കുന്ന ഒരു വലിയ നേട്ടമാണിത് എന്നും സീനിയർമാർ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും പി. സി. മാത്യു അഭ്യർത്ഥിച്ചു.
കഴിഞ്ഞ മെയ് മാസത്തിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പി. സി. ഗാർലാൻഡ് മേയർ സ്ഥാനത്തേക്ക് മത്സരിക്കുകയും തന്റെ സാമൂഹ്യ പ്രതിബദ്ധത തെളിയിക്കുകയും ചെയ്തിരുന്നു. 2021-ൽ ഡിസ്ട്രിക്ട് 3-ൽ നടന്ന തിരഞ്ഞെടുപ്പിൽ ആദ്യ മത്സരത്തിലൂടെ തന്നെ റണ്ണർ-അപ്പ് സ്ഥാനത്തെത്തിയ പി. സി. തന്റെ രാഷ്ട്രീയ-സാമൂഹ്യ യാത്ര തുടരുകയാണെന്നും, ദൈവാനുകൂല്യം ലഭിക്കുന്ന പക്ഷം 2027-ൽ ഡിസ്ട്രിക്ട് 3 കൗൺസിൽ സ്ഥാനത്തേക്ക് മത്സരിക്കുമെന്നുമാണ് അദ്ദേഹം ഒരചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയത്. ഇപ്പോഴത്തെ കൌൺസിൽ അംഗത്തിന്റെ കാലാവധി തീരുന്നതിനാലാണെന്നും പി. സി. കൂട്ടിച്ചേർത്തു.
ഫോട്ടോയിൽ: വലത്തുനിന്നും: മേയർ ഡിലൻ ഹെഡ്രിക്ക്, പി. സി. മാത്യു, മേയർ പ്രൊ ടെം മാർഗ്ഗരറ്റ് ലോട്ട്.
(വാർത്ത: പി. പി. ചെറിയാൻ)



