അനിൽ മറ്റത്തിക്കുന്നേൽ
ചിക്കാഗോ : സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ക്രിസ്തുമസിനോടനുബന്ധിച്ച് പൊതുവായ ക്രിസ്തുമസ് കരോൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഡിസംബർ 21 ഞായറാഴ്ച രാവിലെ പത്തുമണിക്കുള്ള കുർബ്ബാനയ്ക്ക് ശേഷമാണ് ഇടവകയുടെ മതബോധന സ്‌കൂളിലെ കുട്ടികളും വിവിധ മിനിസ്ട്രികളും കൂടാരയോഗങ്ങളും ചേർന്ന് വിപുലമായ പൊതുവായ കരോൾ ആഘോഷങ്ങൾ പാരിഷ് ഹാളിൽ സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്തുമസ് കരോൾ ഗാനാലാപനവും വൈവിധ്യമാർന്ന വിനോദപരിപാടികളും സംഘടിപ്പിക്കും.
ക്രിസ്തുമസിനൊരുക്കമായി ഇടവക തലത്തിൽ മികച്ച പ്രാർത്ഥനാമുറി, മികച്ച പുൽക്കൂട്, മികച്ച ക്രിസ്തുമസ് അലങ്കാരങ്ങൾ എന്നിവയ്ക്ക്കായുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ കൂടാരയോഗ തലത്തിൽ ഏറ്റവും കൂടുതൽ ഭവനങ്ങൾ സന്ദർശിച്ച കൂടാരയോഗം, ഏറ്റവും കൂടുതൽ കരോൾ സംഭാവനകൾ സ്വരൂപിച്ച കൂടാരയോഗം, ഏറ്റവും മികച്ച കരോൾ പ്രകടനം നടത്തിയ കൂടാരയോഗം എന്നിവർക്കായുള്ള മത്സരങ്ങളും പതിവുപോലെ ഇത്തവണയും സംഘടിപ്പിക്കുന്നുണ്ട്. നവീൻ കണിയാപറമ്പിൽ ജെസ്‌ലിൻ പ്ലാത്താനത്ത് എന്നിവരാണ് ഇടവകതലത്തിൽ ക്രിസ്തുമസ് കരോളിന് നേതൃത്വം നൽകുന്നത്.

ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസിനൊരുക്കമായി അറോഹാ 2025 എന്ന പേരിൽ ക്രിസ്തുമസ് ആശംസാകാർഡുകൾ തയ്യാറാക്കി ക്രിസ്തുമസ് കരോളുമായി ഇടവകയുടെ സമീപ പ്രദേശങ്ങളിലുള്ള നേഴ്സിങ്ങ് ഹോമുകൾ ഡിസംബർ 20 ശനിയാഴ്ച സന്ദർശിക്കും.
വികാരി. ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി. സിസ്റ്റർ ശാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, സജി പൂതൃക്കയിൽ & മനീഷ് കൈമൂലയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള മതബോധന സ്‌കൂൾ അധ്യാപകർ എന്നിവർ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.



