Tuesday, January 20, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaചിക്കാഗോ സെന്റ് മേരീസ് മിഷൻ ലീഗ് യൂണിറ്റ് – പാമ്പാടി സെന്റ് ജോൺ ഓഫ് ഗോഡ്...

ചിക്കാഗോ സെന്റ് മേരീസ് മിഷൻ ലീഗ് യൂണിറ്റ് – പാമ്പാടി സെന്റ് ജോൺ ഓഫ് ഗോഡ് സെന്ററിൽ സ്നേഹാഘോഷം നടത്തി

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് (CML) യൂണിറ്റ്, ഈ അധ്യയനവർഷത്തിൽ ആരംഭിച്ച “Share with Joy, Prayer with Care” എന്ന ചാരിറ്റി പദ്ധതിയുടെ ഭാഗമായി പാമ്പാടി സെന്റ് ജോൺ ഓഫ് ഗോഡ് സെന്ററിൽ ഹൃദയസ്പർശിയായ സ്നേഹാഘോഷം സംഘടിപ്പിച്ചു. ജന്മദിനങ്ങളെ കരുണയും സേവനവും നിറഞ്ഞ ദിനങ്ങളാക്കുക എന്ന ഉദ്ദേശത്തോടെ ആവിഷ്കരിച്ച ഈ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജനുവരി 6ന് നടന്ന ആഘോഷങ്ങളിൽ സെന്റ് ജോൺ ഓഫ് ഗോഡ് സെന്ററിൽ താമസിക്കുന്ന ഏകദേശം 150ഓളം ഭിന്നശേഷിക്കാരായ കുട്ടികളും സ്ഥാപനത്തിലെ അധികൃതരും പങ്കെടുത്തു. ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തെ പ്രതിനിധീകരിച്ച് സി.എം.എൽ യൂണിറ്റ് ഡയറക്ടർ ശ്രീ. ജോജോ ആനാലിയും പരിപാടിയിൽ സാന്നിധ്യം വഹിച്ചു. സെന്റ് ജോൺ ഓഫ് ഗോഡ് സെന്റർ ഡയറക്ടർ ഫാ. ഫ്രാൻസിസ് മന്നാപറമ്പിൽ അച്ചന്റെ പ്രാർത്ഥനയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് സെന്ററിലെ സീനിയർ ബ്രദർ വിൻസെന്റ് കൊച്ചാംകുന്നേൽ പദ്ധതിയുടെ ലക്ഷ്യങ്ങളും സന്ദേശവും കുട്ടികൾക്ക് വിശദീകരിക്കുകയും, ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തെ പ്രതിനിധീകരിച്ച് എത്തിയവരെ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു.

തുടർന്ന് വാർഷിക ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഈ മാസം ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾ ഒത്തുചേർന്ന് കേക്ക് മുറിക്കുകയും, ഏവർക്കും കേക്ക് വിതരണം നടത്തുകയും ചെയ്തു. ഈ പദ്ധതിയുടെ ഭാഗമായി ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ഡിസംബർ മാസത്തിൽ ജന്മദിനം ആഘോഷിക്കുന്ന കുഞ്ഞുമിഷണറിമാർ ഡിസംബർ 14-ാം തീയതി ഒത്തുചേർന്ന് കേക്ക് മുറിക്കുകയും, സെന്റ് ജോൺ ഓഫ് ഗോഡ് സെന്ററിലെ കുട്ടികൾക്കായി പ്രത്യേക പ്രാർത്ഥനാസമർപ്പണം നടത്തുകയും ചെയ്തിരുന്നു.

സ്നേഹവും കരുതലും പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ പരിപാടികളുടെ ഭാഗമായി സ്നേഹവിരുന്ന് സംഘടിപ്പിച്ചു. സെന്ററിലെ കുട്ടികളും അതിഥികളും ഒരുമിച്ച് ഭക്ഷണം പങ്കിട്ടത് പരിപാടിക്ക് പ്രത്യേക അർത്ഥം നൽകി. തുടർന്ന് കുട്ടികൾക്കായി സമ്മാനവിതരണവും നടന്നു. ലഭിച്ച സമ്മാനങ്ങൾ കുട്ടികളിൽ വലിയ സന്തോഷവും ആവേശവും സൃഷ്ടിച്ചു. പരിപാടിയുടെ മറ്റൊരു പ്രധാന ആകർഷണമായി സെന്റ് ജോൺ ഓഫ് ഗോഡ് സെന്ററിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ മാറി. ഗാനങ്ങളും നൃത്തങ്ങളും വഴി കുട്ടികൾ അവരുടെ കഴിവുകളും ആത്മവിശ്വാസവും മനോഹരമായി പ്രകടിപ്പിച്ചു. ഓരോ അവതരണത്തിനും സദസ്സിന്റെ നിറഞ്ഞ കൈയ്യടി ലഭിച്ചു. ആഘോഷങ്ങളിൽ പങ്കെടുത്ത സി.എം.എൽ ഡയറക്ടർ ശ്രീ. ജോജോ ആനാലി കുട്ടികളുമായി സംവദിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.

സി.എം.എൽ ചാരിറ്റി പദ്ധതികളുടെ സാമൂഹിക പ്രാധാന്യം വിശദീകരിച്ച അദ്ദേഹം, സേവനത്തിലൂടെ ക്രൈസ്തവ സ്നേഹവും കരുണയും സമൂഹത്തിൽ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത തന്റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു. സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ സി.എം.എൽ വിഭാഗം നടപ്പിലാക്കുന്ന ‘ഷെയർ വിത്ത് ജോയ്, പ്രയർ വിത്ത് കെയർ’ പദ്ധതി, പ്രാർത്ഥനയും പ്രവർത്തനസേവനവും ഏകോപിപ്പിച്ച് സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങൾക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ പദ്ധതിയിലൂടെ 12 സ്ഥാപനങ്ങൾക്ക് കൈത്താങ്ങാകാൻ സാധിക്കുമെന്നും, ഇത്തരം സേവനപ്രവർത്തനങ്ങൾ ഭാവിയിലും വിവിധ കേന്ദ്രങ്ങളിൽ തുടരുമെന്നും സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. സിജു മുടക്കോടിയിൽ അറിയിച്ചു.
സ്നേഹവും സഹാനുഭൂതിയും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ഈ ആഘോഷം പങ്കെടുത്ത എല്ലാവർക്കും അവിസ്മരണീയവും ഹൃദയസ്പർശിയുമായ അനുഭവമായി മാറി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments