കീവ്: അമേരിക്കയ്ക്കും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും നന്ദി പറഞ്ഞ് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. അമേരിക്ക നൽകിയ പിന്തുണയ്ക്കും സൈനിക സഹായത്തിനും നന്ദി അറിയിക്കുന്നുവെന്നാണ് സെലൻസ്‌കിയുടെ പ്രതികരണം. വൈറ്റ് ഹൗസിൽ ട്രംപുമായുള്ള കൂടിക്കാഴ്ച രൂക്ഷമായ വാക്‌പോരിൽ കലാശിച്ചതിന് പിന്നാലെയാണ് സെലൻസ്‌കിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
എക്‌സിലാണ് സെലൻസ്‌കി പ്രതികരണം പങ്കുവെച്ചത്. യുക്രെയ്ൻ ജനത അമേരിക്കയുടെ പിന്തുണയെ വിലമതിച്ചിട്ടുണ്ടെന്ന് സെലൻസ്‌കി പറഞ്ഞു. തങ്ങൾക്ക് അതിജീവിക്കാൻ അമേരിക്കയുടെ സഹായം പ്രധാനമാണ്. അത് അംഗീകരിക്കാൻ താൻ ആഗ്രഹിക്കുന്നു. പ്രസിഡന്റ് ട്രംപിന്റെ പിന്തുണ നിർണായകമാണ്. അദ്ദേഹം യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. തങ്ങൾ യുദ്ധത്തിനൊപ്പം ജീവിക്കുന്നവരാണ്. തങ്ങളേക്കാൾ സമാധാനം ആഗ്രഹിക്കുന്നവരായി ആരും ഉണ്ടാവില്ല. ഇത് സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടിയുളള പോരാട്ടമാണെന്നും സെലൻസ്‌കി എക്‌സിലൂടെ വ്യക്തമാക്കി.
വൈറ്റ് ഹൗസിൽ ഇന്നലെ നടന്ന നിർണായക കൂടിക്കാഴ്ചയിലായിരുന്നു നേതാക്കൾ തമ്മിലുള്ള വാഗ്വാദം. റഷ്യയുമായുള്ള വെടിനിർത്തലിന് യുക്രെയ്ൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. എന്നാൽ കൊലയാളി പുടിനുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായെന്നായിരുന്നു സെലൻസ്‌കിയുടെ മറുപടി. ഇത് ട്രംപിനെ കൂടുതൽ പ്രകോപിപ്പിച്ചു. പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് ഇരുവരും ചൂടേറിയ വാഗ്വാദങ്ങളിലേക്ക് കടന്നു. സെലൻസ്‌കി അനാദരവ് കാണിച്ചെന്ന് ട്രംപ് പരസ്യമായി ആരോപിച്ചു.