വാഷിംഗ്ടണ്‍: പാകിസ്ഥാനുമായുള്ള തർക്കത്തിൽ മധ്യസ്ഥത വഹിക്കാനുള്ള പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിർദ്ദേശം ഇന്ത്യ നിരസിച്ചതാണ് പുതിയ താരിഫിന് കാരണമെന്ന് ഒരു യുഎസ് ധനകാര്യ സേവന കമ്പനിയുടെ റിപ്പോർട്ട്. ഇത് നൊബേൽ സമ്മാനത്തിനായുള്ള ട്രംപിന്‍റെ ശ്രമങ്ങൾക്ക് തിരിച്ചടി നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. ജെഫറീസ് എന്ന കമ്പനിയുടേതാണ് റിപ്പോർട്ട്. ട്രംപിന്റെ വ്യക്തിപരമായ ദേഷ്യമാണ് അമേരിക്ക ഇന്ത്യയ്ക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്തിയതിന് പിന്നിൽ എന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.
ഇത് അമേരിക്കൻ വ്യാപാര പങ്കാളികൾക്കിടയിലെ ഏറ്റവും ഉയർന്ന താരിഫാണ്. ഓഗസ്റ്റ് 27-നാണ് ഈ താരിഫ് നിലവിൽ വന്നത്. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഒരു പങ്കുവഹിക്കാൻ തനിക്ക് കഴിഞ്ഞില്ല എന്ന യുഎസ് പ്രസിഡന്‍റിന്‍റെ വ്യക്തിപരമായ ദേഷ്യമാണ് ഈ താരിഫുകൾക്ക് പ്രധാന കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
കാശ്മീരിനെ ചൊല്ലി പാകിസ്ഥാനുമായുള്ള തർക്കത്തിൽ മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ അനുവദിക്കില്ലെന്ന് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ നിലപാട് നന്നായി അറിയാമായിരുന്നിട്ടും, ട്രംപ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആണവ യുദ്ധം താൻ തടഞ്ഞുവെന്ന് അവകാശപ്പെട്ടു. ഇരു രാജ്യങ്ങളും വെടിനിർത്തലിന് തയ്യാറായില്ലെങ്കിൽ താരിഫ് ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇത് സാധ്യമാക്കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.
നേരിട്ടുള്ള ബന്ധത്തിലൂടെയാണ് വെടിനിർത്തൽ സാധ്യമാക്കിയതെന്ന് ഇന്ത്യ യുഎസിനെ അറിയിച്ചിട്ടും, ട്രംപ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ വാദം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷം ആദ്യം കാശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാനുള്ള തന്‍റെ ആഗ്രഹം ട്രംപ് വീണ്ടും പ്രകടിപ്പിച്ചിരുന്നു.
സാമ്പത്തികമായി വലിയ നഷ്ടം സഹിക്കേണ്ടിവരുമെന്ന് അറിഞ്ഞിട്ടും മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ എന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിന്നുവെന്ന് യുഎസ് റിപ്പോർട്ട് പറയുന്നു. ഇത് ട്രംപിന്‍റെ അഹംഭാവത്തിന് ക്ഷതമേൽപ്പിക്കുകയും ആഗോള അംഗീകാരത്തിന്‍റെ ആത്യന്തിക അടയാളമായി അദ്ദേഹം കാണുന്ന നൊബേൽ സമ്മാനത്തിനായുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാവുകയും ചെയ്തുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.



