പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫുകൾ യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയായേക്കാമെന്ന് അമേരിക്കയിലെ പ്രമുഖ സിഇഒമാരുടെ കൂട്ടായ്മയായ ബിസിനസ് റൗണ്ട്ടേബിളിൻ്റെ മുന്നറിയിപ്പ്.
“ സാർവത്രിക താരിഫുകൾ അമേരിക്കൻ നിർമ്മാതാക്കൾ, തൊഴിലാളികൾ, കുടുംബങ്ങൾ, കയറ്റുമതിക്കാർ എന്നിവർക്ക് വലിയ ദോഷം വരുത്തിവയ്ക്കും,” ബിസിനസ് റൗണ്ട്ടേബിൾ സിഇഒ ജോഷ്വ ബോൾട്ടൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. “താരിഫുകൾ നിലനിൽക്കുന്നിടത്തോളം കാലം യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ വർദ്ധിക്കുകയും പ്രതികാര നടപടികളിലൂടെ അത് കൂടുതൽ വഷളാകുകയും ചെയ്യും.” – ബോൾട്ടൻ പറഞ്ഞു.
യുഎസ് സാധനങ്ങളുടെ താരിഫ് കുറയ്ക്കുന്നത് ഉൾപ്പെടെ “മികച്ചതും ന്യായയുക്തവുമായ വ്യാപാര ഇടപാടുകൾ ഉറപ്പാക്കുക” എന്ന ട്രംപിന്റെ ലക്ഷ്യത്തെ ബിസിനസ് റൗണ്ട്ടേബിൾ പിന്തുണയ്ക്കുന്നുവെന്ന് പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷിന്റെ മുൻ ചീഫ് ഓഫ് സ്റ്റാഫ് ബോൾട്ടൻ പറഞ്ഞു.
“ചർച്ചകൾ നടന്നുകൊണ്ടിരിക്കുമ്പോൾ, കൂടുതൽ ന്യായമായ ഇളവുകൾ നടപ്പിലാക്കാൻ ഞങ്ങൾ ഭരണകൂടത്തെ ശക്തമായി പ്രോത്സാഹിപ്പിക്കുന്നു,” ബോൾട്ടൻ പറഞ്ഞു.
ബിസിനസ് റൗണ്ട് ടേബിളിലെ അംഗങ്ങളിൽ പ്രമുഖ യുഎസ് കമ്പനികളുടെ 200-ലധികം സിഇഒമാരുണ്ട്. അതിന്റെ ബോർഡിൽ ജിഎം സിഇഒ മേരി ബാര, ആപ്പിൾ സിഇഒ ടിം കുക്ക്, ജെപി മോർഗൻ ചേസ് സിഇഒ ജാമി ഡിമോൺ എന്നിവരും ഉൾപ്പെടുന്നു.