ഷോളി കുമ്പിളുവേലി
ഡാലസ് ∙ 2026 സിറോ മലബാർ യുഎസ്എ കൺവൻഷന്റെ ഗ്രാൻഡ് കിക്കോഫ് ഞായറാഴ്ച ഡാലസിൽ നടക്കും. ഡാലസിലെ സെന്റ് തോമസ് സിറോ മലബാർ ഇടവകയിൽ നടക്കുന്ന ചടങ്ങ് ബിഷപ് എമരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത് കിക്കോഫ് ചെയ്യും.
ഭാരതത്തിന് പുറത്ത് സ്ഥാപിതമായ ആദ്യത്തെ സിറോ മലബാർ ഇടവക എന്ന നിലയിൽ ഡാലസ് ഇടവകയ്ക്ക് ചരിത്രപരമായ സ്ഥാനമുണ്ട്. അതിന്റെ ആദ്യ വികാരി കൂടിയായ മാർ ജേക്കബ് അങ്ങാടിയത്താണ് ഈ ഇടവകയുടെ സ്ഥാപകൻ. അമേരിക്കയിലെ സിറോ മലബാർ രൂപതയായ ഷിക്കാഗോ രൂപതയാണ് 2026-ലെ ഈ ഒത്തുചേരലിന് ആതിഥേയത്വം വഹിക്കുന്നത്.
2026 ജൂലൈ 9 മുതൽ 12 വരെ ഷിക്കാഗോയിലെ മക്കോർമിക് പ്ലേസിൽ നടക്കുന്ന നാലുദിവസത്തെ കൺവൻഷൻ ആത്മീയ വളർച്ചക്കും സമൂഹ ഐക്യത്തിനുമുള്ള വേദിയായി മാറുമെന്ന് സംഘാടകർ അറിയിച്ചു. പ്രതിദിന പ്രാർLനകൾ, ശുശ്രൂഷകൾ, സാംസ്കാരിക പരിപാടികൾ, യുവജന പങ്കാളിത്തം എന്നിവ നടക്കും. 2001 മാർച്ച് 13 ന് രൂപീകരിച്ച ഷിക്കാഗോ രൂപതയുടെ കാൽ നൂറ്റാണ്ട് പൂർത്തിയാകുന്നതോടെ, ഈ കൺവൻഷൻ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്. രൂപത ഇന്ന് 52 ഇടവകകളും 35 മിഷനുകളും വഴി 87,000-ത്തിലധികം വിശ്വാസികളെ ചേർത്ത് നിർത്തുന്നു.
സാംസ്കാരിക രാവുകളിൽ സിറോ മലബാർ സഭയിൽപ്പെട്ട സിനിമാ താരങ്ങൾക്കും ഇടവകയിലെ കലാകാരന്മാർക്കും കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമുണ്ടാകും. യുവജനങ്ങൾക്കായി പ്രത്യേക സെഷനുകളും സാമൂഹിക ചർച്ചയും, ലേക്ക് മിഷിഗൻ ക്രൂസുകളും കായിക മത്സരങ്ങളും സ്തുതി രാത്രികളും ഒരുക്കിയിരിക്കുന്നു. കുടുംബങ്ങൾക്കായി ഫാമിലി ഡേ, ഇൻഡോർ ഫൺ സോൺ, കുട്ടികളുടെ പ്രവർത്തനങ്ങൾ പരിപാടികൾ തുടങ്ങിയവയും ഉൾപ്പെടുത്തിയിരിക്കുന്നു. ഷിക്കാഗോയുടെ തടാകക്കരയിൽ ഷോപ്പിങ്ങും ഡൈനിങ്ങും ടൂറുകളും ഉൾപ്പെടെയുള്ള അനുഭവങ്ങൾക്കൊപ്പം നൈറ്റ് ക്രൂസ്, ഡിജെ ഫെസ്റ്റ്, റൂഫ്‌ടോപ്പ് സോഷ്യൽസ്, ഗ്രാൻഡ് ബാങ്ക്വെറ്റ് തുടങ്ങിയ പരിപാടികൾ കൺവൻഷനിൽ ശ്രദ്ധേയമാകും.



