സോള്‍: ദ മാന്‍ ഫ്രം നോവെയറിലൂടെ പ്രശസ്തയായ ദക്ഷിണ കൊറിയന്‍ നടി കിം സെ റോണ്‍(24) ആത്മഹത്യ ചെയ്തതാണെന്ന് സ്ഥിരീകരിച്ച് ദക്ഷിണ കൊറിയന്‍ പൊലീസ്. ശനിയാഴ്ച പ്രാദേശിക സമയം അഞ്ചുമണിയോടെയാണ് കിം സെ റോണിനെ സിയോളിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കിം സെ റോണിനെ കാണാനായി താരത്തിന്റെ വീട്ടിലെത്തിയ സുഹൃത്ത് നടിയെ മരിച്ച നിലയില്‍ കാണുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. കടുത്ത തീരുമാനമാണ് താരം സ്വീകരിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദക്ഷിണ കൊറിയന്‍ മാധ്യമമായ യോര്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തു. ദി മാന്‍ ഫ്രം നോവേര്‍, എ ഗേള്‍ അറ്റ് മൈ ഡോര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് കിം സെ റോണ്‍.
വീട്ടില്‍ ആരെങ്കിലും അതിക്രമിച്ച് കയറിയതിന്റെ ലക്ഷണങ്ങളോ ആക്രമണം നടന്നതായി സംശയിക്കുന്ന തരത്തിലുള്ള തെളിവുകളോ കണ്ടെത്തിയിട്ടില്ല. സിനിമകള്‍ക്ക് പുറമെ വിവിധ ടെലിവിഷന്‍ പരമ്പരകളിലും താരം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ‘ലിസന്‍ ടു മൈ ഹാര്‍ട്ട്’, ‘ദ് ക്വീന്‍സ് ക്ലാസ് റൂം’, ‘ഹായ്! സ്‌കൂള്‍-ലവ് ഓണ്‍’ തുടങ്ങിയ കെ-ഡ്രാമകളിലെ ശ്രദ്ധേയ വേഷങ്ങളിലൂടെ പ്രശസ്തയായ കിം സെയ് റോണിന്റെ വിയോഗത്തില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരും സമൂഹമാധ്യമങ്ങളില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. കിമ്മിനെ കാണാന്‍ പോയ ഒരു സുഹൃത്താണ് നടി മരിച്ച് കിടക്കുന്നതായി കണ്ടത്.