വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന്, നികുതി വിവരങ്ങള്‍ ഉപയോഗിക്കാന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവാദം നല്‍കുന്ന കരാറിന് അംഗീകാരം നല്‍കാനൊരുങ്ങി യുഎസ് ഇന്റേണല്‍ റവന്യൂ സര്‍വീസ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നാടുകടത്തല്‍ നയങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡാറ്റ പങ്കിടുന്ന കരാര്‍ പ്രകാരം, യുഎസില്‍ നിയമവിരുദ്ധമായി കഴിയുന്ന കുടിയേറ്റക്കാരുടെ പേര് വിവരങ്ങള്‍ ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഇന്റേണല്‍ റവന്യൂ സര്‍വീസിന് കൈമാറണം. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഐആര്‍എസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം. വ്യക്തികളുടെ സ്വകാര്യത ഇല്ലാതാക്കുന്ന നടപടിയാണ് ട്രംപ് സ്വീകരിക്കുന്നതെന്നും ഇതില്‍ അമേരിക്കയിലെ ജനങ്ങള്‍ ആശങ്കയറിയിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.
നികുതി ഡാറ്റ ഐആര്‍എസ് രഹസ്യമായി സൂക്ഷിക്കണമെന്നാണ് നിയമം. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോ?ഗം ചെയ്യുന്നത് തടയുന്നതിന് വേണ്ടിയാണ് നികുതി ഡാറ്റ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നത്. എന്നാല്‍, പുതിയ നടപടി പ്രകാരം കുടിയേറ്റക്കാരുടെ പേര്, ജോലി, വരുമാനം തുടങ്ങിയ വിവരങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുമെന്ന് ജനങ്ങള്‍ ആശങ്കയറിയിക്കുന്നു.
ഡാറ്റ പങ്കിടുന്ന കരാറിന് അം?ഗീകാരം ലഭിക്കുകയാണെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റിനായി ഒരാളുടെ വ്യക്തി വിവരങ്ങളിലേക്ക് ഇത്രയും വലിയ കൈകടത്തല്‍ നടത്തുന്നത് ഇതാദ്യമായിരിക്കും. കുടിയേറ്റക്കാരുടെ വിവരങ്ങള്‍ സ്ഥിരീകരിക്കുന്നത് ഐആര്‍എസിന് കീഴില്‍ വരികയും ചെയ്യും. നികുതിദായകരുടെ ഐഡി നമ്പറുകള്‍ ഉപയോഗിച്ച് നികുതി അടച്ച ലക്ഷക്കണക്കിന് രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ വിലാസങ്ങള്‍ക്കായി ഡിഎച്ച്എസ്, ഐആര്‍എസിന് കഴിഞ്ഞ ദിവസം മെമ്മോ അയച്ചു.
നികുതി വിവരങ്ങള്‍ പങ്കിടുന്നതിലൂടെ ഐആര്‍എസ് നിയമലംഘനമാണ് നടത്തുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഡിഎച്ച്എസ് അയച്ച മെമ്മോ സ്വകാര്യ വിവരങ്ങള്‍ക്ക് യാതൊരുവിധ സംരക്ഷണവും നല്‍കാത്ത തരത്തിലുള്ളതാണെന്നും അഭിപ്രായങ്ങളുയര്‍ന്നിരുന്നു. ഐസിഇ, ഡിഎച്ച്എസ് എന്നിവ നിയമപ്രകാരം ഒഴിവാക്കപ്പെടാത്തതിനാല്‍, ഡാറ്റ പങ്കിടല്‍ നികുതി സ്വകാര്യതാ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് വാദിച്ചുകൊണ്ട് രണ്ട് കുടിയേറ്റ അവകാശ ഗ്രൂപ്പുകള്‍ ഐആര്‍എസിന് എതിരെ കേസ് നല്‍കിയിരുന്നു.