ഹൈദരാബാദ്: തെലങ്കാനയിൽ നിർമാണപ്രവൃത്തികൾക്കിടെ തുരങ്കം തകർന്നു. ഏഴ് തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാഗർകുർണൂൽ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് തകർന്നത്. തുരങ്കത്തിന്റെ ഒരു ഭാഗത്തുണ്ടായ ചോർച്ച പരിഹരിക്കാൻ തൊഴിലാളികൾ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. തുരങ്കത്തിൽ 14 കിലോമീറ്ററോളാം ഉള്ളിലാണ് അപകടം നടന്നതെന്നാണ് വിവരം.
മൂന്നുപേരെ രക്ഷപ്പെടുത്തിയതായും ഏഴോളം തൊഴിലാളികൾ ഉള്ളിൽ കുടുങ്ങി കിടക്കുന്നതായും പൊലീസിനെ ഉദ്ധരിച്ച് എൻടിവി റിപ്പോർട്ട് ചെയ്യുന്നു. രക്ഷാപ്രവർത്തനം നടന്നുവരികയാണ്. നാഗർകുർണൂൽ ജില്ലയിലെ അംറബാദിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. നിർമാണപ്രവർത്തനങ്ങളെ തുടർന്ന് അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം നാലുദിവസം മുമ്പാണ് തുറന്നത്.
നിർമാണ പ്രവർത്തനത്തിനിടെ തുരങ്കത്തിന്‌റെ മുകൾ ഭാഗത്ത് നിന്നും മൂന്ന് മീറ്ററോളം ഇടിഞ്ഞ് വീണതായാണ് റിപ്പോർട്ടുകൾ. ജില്ലാ കളക്ടർ, എസ്പി, ഫയർഫോഴ്‌സ്, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഉടൻ സ്ഥലത്തെത്തി ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിർദ്ദേശം നൽകിയിട്ടുണ്ട്.