മാർട്ടിൻ വിലങ്ങോലിൽ
ന്യൂയോർക്ക് : ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ സീറോ മലബാർ രൂപതയായ ചിക്കാഗോ രൂപത, 25 വർഷം പൂർത്തിയാക്കുന്നതിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ പരിസമാപ്തിയിൽ നടക്കുന്ന സീറോ മലബാർ കൺവെൻഷൻ്റെ കിക്കോഫ് ന്യൂയോർക്കിലെ റോക്ക്‌ലാൻഡ് ഹോളി ഫാമിലി സീറോ മലബാർ പള്ളിയിൽ നടന്നു.

ഡിസംബർ 14-ന് നടന്ന മനോഹരമായ ചടങ്ങുകൾക്ക് ജൂബിലി കൺവീനർ ഫാ. ജോൺ മേലേപ്പുറം നേതൃത്വം നൽകി. ഇടവക വികാരി ഫാ. സ്റ്റീഫൻ കണിപ്പള്ളിലിൻ്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ, കൺവീനർ ഫാ. ജോൺ മേലേപ്പുറത്തെയും ജൂബിലി ചെയർമാൻ ജോസ് ചാമക്കാലയെയും ഹൃദ്യമായി സ്വീകരിച്ചു. സന്തോഷ് വർഗീസ്, ചെറിയാൻ മാത്യു, ജോസഫ് പള്ളിപുറത്തുകുന്നേൽ, ജോയ് തറത്തട്ടേൽ, ജെസി ജോസഫ്, തോമസ് പാലാച്ചേരി, ഷൈൻ റോയ് എന്നിവർ കിക്കോഫിന് നേതൃത്വം നൽകി.
വിശ്വാസവും, അറിവും, സൗഹൃദങ്ങളും പങ്കുവെക്കുവാനുള്ള അനുഗ്രഹീതമായ വേദിയാണ് കൺവെൻഷനെന്നും യുവജനങ്ങളെ പ്രത്യേകം ഇതിലേക്ക് കൊണ്ടുവരണമെന്നും ഫാ. ജോൺ തൻ്റെ സന്ദേശത്തിൽ വിശദീകരിച്ചു. രൂപതയുടെ പ്രഥമ ഇടയൻ മാർ ജേക്കബ് അങ്ങാടിയത്തിൻ്റെ മെത്രാഭിഷേക ജൂബിലിയും ഈ വേളയിൽ ആഘോഷിക്കുന്നുണ്ട്.

2026 ജൂലൈ 9 മുതൽ 12 വരെ ചിക്കാഗോ നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ മക്കോർമിക് പ്ലേസും അതോടൊപ്പമുള്ള മൂന്ന് ഹോട്ടലുകളുമാണ് കൺവെൻഷൻ്റെ വേദിയാകുന്നത്. ദിവസേനയുള്ള ദിവ്യബലി, ആരാധന എന്നിവ കൂടാതെ, വൈവിധ്യമാർന്ന വിഷയങ്ങളിലെ അവതരണങ്ങൾ, സംഘടനാ കൂട്ടായ്മകൾ, കലാപരിപാടികൾ, മത്സരങ്ങൾ എന്നിവയും ഉണ്ടായിരിക്കും. യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേക ട്രാക്കുകളിലായിട്ടാണ് പരിപാടികൾ ഒരുക്കുന്നത്.
കൺവെൻഷൻ ടീം രൂപതയിലെ ഇടവകകളിൽ നേരിട്ട് സന്ദർശനം നടത്തി രജിസ്ട്രേഷൻ, സ്പോൺസർഷിപ്പ്, മറ്റ് പരിപാടികൾ എന്നിവയുടെ വിശദമായ രൂപരേഖകൾ അവതരിപ്പിച്ചു വരുന്നു. നേരിട്ടുള്ള ഈ ആശയവിനിമയം വളരെ സ്വാഗതാർഹമാണെന്ന് ഇടവക വികാരിമാരും കൺവെൻഷൻ പ്രതിനിധികളും അഭിപ്രായപ്പെട്ടു.

ജോസ് ചാമക്കാല രജിസ്ട്രേഷൻ, സ്പോൺസർഷിപ്പ്, കൺവെൻഷൻ പരിപാടികൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളുടെ അതിബൃഹത്തായ ഈ ആത്മീയ സാംസ്കാരിക സംഗമത്തിൽ പങ്കാളികളാവാൻ കൺവെൻഷൻ ടീം ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു. റോക്ക്‌ലാൻഡ് പള്ളിയിലെ വികാരിയുടെയും ഇടവകാംഗങ്ങളുടെയും ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കൺവെൻഷൻ ടീം പ്രത്യേകം നന്ദി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.syroconvention.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.





