ന്യൂയോര്‍ക്ക്: പത്തു വയസ്സുകാരന് മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഇന്ത്യക്കാരിയായ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രിയങ്ക തിവാരി (33) ആണ് അറസ്റ്റിലായത്.
കുട്ടിയെ വീട്ടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രിയങ്ക തന്നെയാണ് പൊലീസ് കണ്ട്രോള് റൂമില്‍ വിളിച്ച് തന്റെ മകന് അബോധാവസ്ഥയിലായെന്നും പ്രതികരിക്കുന്നില്ലെന്നും അറിയിച്ചത്. ഉടന്‍ പൊലീസും വൈദ്യസംഘവും സ്ഥലത്തെത്തി സിപിആര്‍ ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കിയെങ്കിലും കുട്ടി മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഏറെ നാളുകളായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ മനസിലാക്കിയത്.
കുട്ടിയുടെ ശരീരം ഭാരം കുറഞ്ഞ് എല്ലും തോലുമായ നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ കുട്ടിയുടെ അമ്മ പ്രിയങ്കയ്ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ജനുവരി 11ന് പ്രിയങ്ക തിവാരിയെ കോടതിയില്‍ ഹാജരാക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ കുട്ടിയുടെ മരണം സംഭവിച്ച് വിശദവിവരങ്ങള്‍ പുറത്തുവരികയുള്ളു. കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരന് ആരോഗ്യവകുപ്പ് അധികൃതരുടെ സംരക്ഷണയിലാണ്.
പ്രിയങ്കയും ഭര്‍ത്താവും ഏറെ നാളായി പിരിഞ്ഞ് കഴിയുകയായിരുന്നുവെന്നും മരിച്ച കുട്ടിയെ ഏറെ നാളായി വീടിന് പുറത്ത് കാണാറില്ലായിരുന്നുവെന്നുമാണ് അയല്‍വാസികള്‍ പൊലീസിന് നല്കിയ മൊഴി. പ്രിയങ്കയുടെ ബന്ധുക്കളെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവിനെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി.