സജി പുല്ലാട്
ഹൂസ്റ്റൺ/മാരാമൺ: മലങ്കര മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നൂറ്റി മൂപ്പത്തി ഒന്നാമത് മാരാമൺ കൺവെൻഷൻ്റെ പന്തൽ നിർമ്മാണവും, ഒപ്പം വിവിധ പ്രവർത്തനങ്ങളും അവസാനഘട്ടത്തിലേക്ക്.
ഈ വർഷത്തെ കൺവെൻഷന് ഒരു ചരിത്ര മുഹൂർത്തം കൂടിയുണ്ട്. കഴിഞ്ഞ 130 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കൺവെൻഷൻ നഗറിലേക്ക് ബെയിലി പാലം നിർമ്മിച്ചാണ് മാർത്തോമാ സഭ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.
വിശ്വാസികൾക്കും, ആംബുലൻസ് പോലെയുള്ള അത്യാവശ്യ സർവീസുകൾക്കും മണപ്പുറത്തേക്ക് എത്തുന്നതിനായി അതീവ സുരക്ഷ ഉറപ്പാക്കി താൽക്കാലികമായി നിർ നിർമ്മിച്ച മൂന്ന് ബെയിലി പാലവും സജ്ജമായി കഴിഞ്ഞു.

മാരാമണ്ണും സമീപ പ്രദേശങ്ങളിലുമുള്ള മാർത്തോമാ ഇടവകകൾക്കാണ് പന്തൽ മേയുന്നതിന്റെ ചുമതല. ഓരോ ഇടവകയ്ക്കുമായി വേർതിരിച്ചിട്ടുള്ള ഭാഗം ഇടവക ചുമതലക്കാരുടെ നേതൃത്വത്തിൽ കൃത്യമായി നിർവഹിക്കുന്നു.
അഗതി മന്ദിരങ്ങൾ, സേവികാസംഘം, യുവജനസഖ്യം, എന്നീ സംഘടനകൾ നടത്തുന്ന ഭക്ഷണശാലകളുടെ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാകുന്നു.
ഒരു ലക്ഷം പേർക്കിരിക്കാവുന്ന പന്തലാണ് നിർമ്മിക്കുന്നത്.

അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത, സുവിശേഷ പ്രസംഗസംഘം പ്രസിഡണ്ട് ഡോ.ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ എന്നിവർ പന്തൽ സന്ദർശിച്ച് കൺവെൻഷന്റെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആത്മീയ സംഗമത്തിന് 8 ന് തുടക്കം കുറിക്കും.
1888 ൽ രൂപം കൊണ്ട ഭാരതത്തിലെ തദ്ദേശീയ മിഷനറി പ്രസ്ഥാനമാണ് മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം. ഇതിന് തുടക്കം കുറിച്ചത് കല്ലിശ്ശേരി “കടവിൽ മാളിക”യിൽ നിന്നുമാണ്.

സുവി.തോമസ് മാത്യു “കടവിൽ മാളിക”യുടെ പരിപാലനവും, പ്രാർത്ഥനകൾ ക്രമീകരിക്കുന്നതിനും മറ്റു വിവിധ സുവിശേഷ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിക്കുന്നു. ഭാര്യ മിനി തോമസും, മകൻ ജാക്ക് സി തോമസും സഹായത്തിനായി ഒപ്പമുണ്ട്.




