ചിക്കാഗോ: പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചിക്കാഗോ പൗരാവലി അത്യുജ്വല സ്വീകരണം നല്‍കി. സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ഐ.ഒ.സി ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ് പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു.
കെ.എസ്.യുവിലൂടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന വി.കെ. ശ്രീകണ്ഠന്‍ താന്‍ കൈവെച്ച മേഖലകളിലൊക്കെ കൈയ്യൊപ്പ് പതിപ്പിച്ച വ്യക്തിത്വമാണ്. ഷൊര്‍ണ്ണൂര്‍ നഗരസഭാഗം, നഗരസഭ പ്രതിപക്ഷ നേതാവ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം തുടങ്ങി പാര്‍ലമെന്റ് അംഗം വരെയുള്ള തന്റെ രാഷ്ട്രീയ ജീവിതം സാധാരണക്കാരേയും പാവപ്പെട്ടവരേയും ചേര്‍ത്ത് നിര്‍ത്തിക്കൊണ്ടുള്ളതായിരുന്നു. ഇടത് കോട്ടയായ പാലക്കാടിനെ ത്രിവര്‍ണ്ണ പതാക അണിയിച്ചത് എം.ബി രാജേഷിനെ അട്ടിമറിച്ചായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എം. വിജയരാഘവനെ അര ലക്ഷത്തിലധികം വോട്ടിന് പരാജയപ്പെടുത്തിയാണ് പാര്‍ലമെന്റില്‍ എത്തിയത്.

സെക്രട്ടറി ജോര്‍ജ് ജോസഫ് കൊട്ടുകാപ്പള്ളി സ്വാഗതം ആശംസിക്കുകയും പരിപാടികളുടെ എം.സിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. ജോര്‍ജ് പണിക്കര്‍ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചിക്കാഗോ ഐ.ഒ.സിയുടെ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ഐ.ഒ.സി ദേശീയ പ്രസിഡന്റ് സതീശന്‍ നായര്‍, മുന്‍ കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് പോള്‍ പി. പറമ്പി, മുന്‍ ദേശീയ ചെയര്‍മാന്‍ തോമസ് മാത്യു, ദേശീയ വൈസ് പ്രസിഡന്റ് പ്രൊഫ. തമ്പി മാത്യു, ശ്രീകണ്ഠന്‍ എം.പിയുടെ സഹധര്‍മിണിയും കെ.പി.സി.സിയുടെ ജനറല്‍ സെക്രട്ടറിയൂമായ കെ.എ. തുളസി, മുന്‍ പ്രസിഡന്റ് സന്തോഷ് നായര്‍ എന്നിവരും ആശംസാ പ്രസംഗം നടത്തി.

തന്റെ മറുപടി പ്രസംഗത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഉള്‍പാര്‍ട്ടി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ നൂറിലധികം എം.എല്‍.എമാരുമായി അധികാരത്തില്‍ വരുമെന്നും പ്രസ്താവിച്ചു. ചിക്കാഗോയിലെത്തി ഐ.ഒ.സി പ്രവര്‍ത്തകരെ കണ്ടതിലുള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.
ജനറല്‍ സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു, ട്രഷറര്‍ ആന്റോ കവലയ്ക്കല്‍, വൈസ് പ്രസിഡന്റ് ഏബ്രഹാം ജോര്‍ജ് (തമ്പി), സെക്രട്ടറി ബൈജു കണ്ടത്തില്‍, റ്റോമി അമ്പേനാട്ട്, ബിജു കിഴക്കേക്കുറ്റ്, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ജോസ് മണക്കാട്ട്, ജിക്കുമോന്‍ ജോസഫ്, ബാബു മാത്യു എന്നിവരോടൊപ്പം ചിക്കാഗോയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തോടൊപ്പം നില്‍ക്കുന്ന മലയാളി സൗഹൃദക്കൂട്ടായ്മയും സന്നിഹിതരായിരുന്നു.



