വാഷിംഗ്ടൺ: രണ്ടാം വട്ടം അധികാരത്തിലെത്തിയതിനു പിന്നാലെ ട്രംപ് ഭരണകൂടം വിവിധ വകുപ്പുകളിലെ ഫെഡറൽ ജീവനക്കാരെ പിരിച്ചു വിട്ട നടപടി റദ്ദാക്കിയ കീഴ്ക്കോടതി വിധിക്കെതിരേ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സുപ്രീം കോടതിയിൽ.
കീഴ്ക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായാണ് ട്രംപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ട്രംപ് അധികാരത്തിൽ വന്ന ശേഷമിറക്കിയ പല എക്സിക്യൂട്ടീവ് ഉത്തരവുകളും ചോദ്യം ചെയ്ത് നിരവധി ഹർജികളാണ് വിവിധ കോടതികൾക്ക് മുന്നിൽ വന്നിട്ടുള്ളത്. ഫെഡറൽ വേതന ബിൽ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ട്രംപ് പിരിച്ചു വിട്ട 16,000 ത്തിലധികം പ്രൊബേഷണറി തൊഴിലാളികളെ വീണ്ടും നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
കുടിയേറ്റം, സർക്കാർ ചെലവുകൾ തുടങ്ങിയവയിൽ ഇതിനോടകം ജഡ്ജിമാർ പല തരത്തിൽ സർക്കാർ നയങ്ങളിൽ തടസപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്നും ട്രംപിന്റെ ആക്ടിംഗ് സോളിസിറ്റർ ജനറൽ സാറാ ഹാരിസിന്റെ പ്രതികരണം.
ഇതിനിടെ, ഫുൾബ്രൈറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഫണ്ടിംഗ് സ്‌കോളർഷിപ്പുകൾക്കുള്ള ധനസഹായം മരവിപ്പിക്കാനുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ തീരുമാനം ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെ ആശങ്കയിലാക്കി. വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഈ തീരുമാനം വിദ്യാർത്ഥികളെ തള്ളിവിടും. കോഴ്സ് പാതിവഴിയിലെത്തിയ പലരും ഇനി എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്. വിവിധ വകുപ്പുകൾക്കുള്ള സാമ്പത്തിക സഹായം പുനർനിർണയിക്കാൻ ട്രംപ് സർക്കാർ തീരുമാനിച്ചതിന്‍റെ ഭാഗമായാണ് നടപടി.
യുഎസിൽ ദൈനംദിന ചെലവുകൾക്കായി സ്റ്റൈപ്പൻഡിനെയാണ് വിദ്യാർത്ഥികൾ ആശ്രയിക്കുന്നത്. സ്കോളർഷിപ്പുകൾ നിലയ്ക്കുന്നതോടെ സ്വയം ചെലവുകൾ വഹിക്കേണ്ടിവരും. യുഎസിലെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും ഫീസുമെല്ലാം കണക്കിലെടുക്കുമ്പോൾ സാധാരണക്കാർക്ക് താങ്ങാനാവില്ല. ഫുൾബ്രൈറ്റ് പ്രോഗ്രാം പോലെ മികച്ച വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്കോളർപ്പുകൾ നിർത്തലാക്കുന്നത് യുഎസിൽ ഉന്നത വിദ്യാഭ്യാസം നടത്താൻ ആഗ്രഹിക്കുന്നവർക്കും അക്കാദമിക് മേഖലയ്ക്കും ഒരുപോലെ തിരിച്ചടിയാണ്.