മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്: പൊതുജന ശ്രദ്ധ ആകർഷിച്ച വൈവിധ്യങ്ങളായ പരിപാടികൾ കാഴ്ച്ച വച്ച ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ ഈ ഹോളിഡേ സീസൺ ആഘോഷമാക്കുവാൻ “ജിംഗിൾ മിംഗിൾ” എന്ന പരിപാടി ഏവർക്കുമായി കാഴ്ച വയ്ക്കുന്നു. എൽമോണ്ടിലുള്ള കേരളാ സെന്റർ ആഡിറ്റോറിയത്തിൽ (1824 Fairfax Street, Elmont, NY 11003) 19 വെള്ളിയാഴ്ച വൈകിട്ട് 6:30-ന് ക്രമീകരിച്ചിരിക്കുന്ന അവധിക്കാല ആഘോഷത്തിൽ സീറോ മലങ്കര കാത്തോലിക് ബിഷപ്പ് അഭിവന്ദ്യ ഫിലിപ്പോസ് മാർ സ്‌റ്റെഫാനോസ് പിതാവ് മുഖ്യാതിഥി ആയിരിക്കും.
ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻ വൈസ് പ്രസിഡൻറ് മാത്യു ജോഷ്വയുടെ നേതൃത്വത്തിൽ മാർച്ച് മാസം നടത്തപ്പെട്ട പ്രവർത്തനോദ്ഘാടനവും ആഗസ്റ്റ് 24-ന് നടത്തപ്പെട്ട പതിനെട്ടാമത് എൻ. കെ. ലൂക്കോസ് മെമ്മോറിയൽ നാഷണൽ വോളീബോൾ ടൂർണമെന്റും അവതരണ മികവുകൊണ്ട് ജനശ്രദ്ധ ആകർഷിക്കപ്പെട്ട പരിപാടികളായിരുന്നു. അവയുടെ വൻ വിജയത്തിൻറെ കാലടികൾ പിന്തുടർന്നുകൊണ്ട് ഏവരുടെയും സഹകരണത്താൽ നടത്തപ്പെടുന്ന അടുത്ത പരിപാടിയാണ് ഹോളിഡേ ആഘോഷം. ക്രിസ്തുമസ്സിനെയും പുതുവർഷത്തെയും വരവേൽക്കുവാൻ മാനവരാശി തയ്യാറെടുക്കുമ്പോൾ അവരോടൊന്നിച്ച് ആഘോഷക്കാലം സമ്പന്നം ആക്കുവാനാണ് പ്രസ്തുത പരിപാടി മെട്രോ റീജിയൻ അവതരിപ്പിക്കുന്നത്.
മഞ്ഞു പെയ്യുന്ന രാവുകളും ദീപാലങ്കാരങ്ങളാൽ തിളങ്ങുന്ന സന്ധ്യകളും മനംനിറയെ ആസ്വദിച്ച് ആനന്ദിക്കുവാൻ അവസരമൊരുക്കുന്ന ഗാന സന്ധ്യയും നൃത്ത-നൃത്യങ്ങളാൽ മുഖരിതമാകുന്ന നിമിഷങ്ങളും സമ്മാനിച്ച് ഏവർക്കും സന്തോഷത്തിൻറെയും സമാധാനത്തിൻറെയും സന്ദേശങ്ങൾ നൽകുവാനുള്ള അവസരമായാണ് ഈ പ്രത്യേക ദിനത്തെ സംഘാടകർ മാറ്റുന്നത്. ഫോമാ നാഷണൽ നേതാക്കളായ ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസും ജോയിൻറ് സെക്രട്ടറി പോൾ പി ജോസും അവധിക്കാല സന്ദേശങ്ങളും ആശംസകളും നൽകുന്നതിനായി പരിപാടിയിൽ പങ്കെടുക്കുന്നു. തൻസിം സജിബിൻറെ നേതൃത്വത്തിലുള്ള ഡി.ജെ. ടീമും, പ്രശസ്ത ഗായകൻ പ്രേം കൃഷ്ണൻറെ നേതൃത്വത്തിൽ സംഗീത പരിപാടിയും, ഡോ. റിയാ ജോണിൻറെ നേതൃത്വത്തിലുള്ള കാലാഹർട്സ് കലാകാരികളുടെ നൃത്ത പരിപാടികളും ആഘോഷ പരിപാടികൾ ആനന്ദ സാഗരത്തിൽ ആക്കുവാൻ ക്രമീകരിക്കുന്നു.
ഈ വർഷം വിവിധ സാമൂഹിക സേവന പരിപാടികൾക്കും മെട്രോ റീജിയൺ പദ്ധതിയിടുന്നുണ്ട്. കേരളത്തിലെ നിർധനരായ പത്ത് വനിതകൾക്ക് ജീവിത മാർഗ്ഗം നേടുവാൻ ഉതകുന്ന പത്ത് തയ്യൽ മെഷീനുകൾ നൽകുന്ന ജീവകാരുണ്യ പദ്ധതിയും ആഘോഷ പരിപാടിയിൽ നടത്തപ്പെടുന്നു. അതിനായി ആയിരം ഡോളർ സമാഹരിച്ച് നൽകുന്നതിനാണ് ക്രമീകരണം ചെയ്യുന്നത്. ഒരു തയ്യൽ മെഷീന് നൂറു ഡോളർ എന്ന നിരക്കിൽ സംഭാവന ചെയ്യുന്നതിന് മനുഷ്യ സ്നേഹികളായ ഏതാനുംപേർ തയ്യാറെടുത്തു മുമ്പോട്ട് വന്നിട്ടുണ്ട്. രണ്ടോ മൂന്നോ വ്യക്തികൾ കൂടി തയ്യൽ മെഷീൻ നൽകുന്ന പദ്ധതിയിൽ പങ്കെടുത്താൽ ചുരുങ്ങിയത് പത്ത് പേർക്കെങ്കിലും ജീവിതമാർഗ്ഗം നൽകുവാൻ ഈ പദ്ധതിമൂലം സാധിക്കും എന്ന് സംഘാടകർ പ്രത്യാശിക്കുന്നു. “ഫോമാ ചാരിറ്റി ബഡീസ്” എന്ന പദ്ധതിയിലൂടെ ഒരു രോഗിയുടെ ചികിത്സക്ക് ആവശ്യമായ തുക നൽകിക്കഴിഞ്ഞു. കൂടുതൽ ജീവകാരുണ്യ പദ്ധതികൾ നടത്തുവാൻ തയ്യാറെടുക്കുന്നു.
റീജിയണൽ വൈസ് പ്രസിഡൻറ് മാത്യു ജോഷ്വ, ചെയർമാൻ ഫിലിപ്പോസ് കെ. ജോസഫ്, റീജിയണൽ സെക്രട്ടറി ബോബി, ട്രഷറർ ബിഞ്ചു ജോൺ എന്നിവരും, മറ്റ് കമ്മറ്റി അംഗങ്ങളും ചേർന്ന് പരിപാടികൾ വിജയിപ്പിക്കുന്നതിന് പരിശ്രമിക്കുന്നു. പ്രസ്തുത അവധിക്കാല ആഘോഷ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കുന്നതാണ്.



