അജു വാരിക്കാട്
ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷന്റെ (MAGH) 2026-ലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിൽ, റോയ് മാത്യു നയിക്കുന്ന ‘ടീം യുണൈറ്റഡ്’ (Team United) പാനലിൽ നിന്ന് ബിജു ശിവൻ ജനവിധി തേടുന്നു.
സാമൂഹ്യ-സാംസ്കാരിക കൂട്ടായ്മകളിൽ സജീവ സാന്നിധ്യമാണ് ബിജു ശിവൻ. ഹൂസ്റ്റൺ ഫോർട്ട് ബെൻഡ് ഐ.എസ്.ഡിയിൽ (Fort Bend ISD) പ്രൊഫഷണലായി ജോലി ചെയ്യുന്ന ബിജു, കോട്ടയം ക്ലബ്ബ് ഹൂസ്റ്റൺ ജോയിന്റ് സെക്രട്ടറിയാണ്; മുൻപ് പ്രോഗ്രാം കോർഡിനേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാളി അസോസിയേഷൻ ഓഫ് സിയന്നയുടെ സ്ഥാപക അംഗമായ ബിജു, കോട്ടയത്തെ ദീപാംജലി സിറ്റിസൺ ഫോറത്തിന്റെ സ്ഥാപകാംഗം കൂടിയാണ്.
ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ സജീവ അംഗമായ അദ്ദേഹം, പൊതുരംഗത്ത് ലക്ഷ്യബോധമുള്ള, ആകർഷകമായ വ്യക്തിത്വത്തിന് ഉടമയാണ്. കൂട്ടായ്മകളെ ഏകോപിപ്പിക്കുന്നതിൽ ബിജു ശിവൻ വഹിക്കുന്ന പങ്ക് നിർണ്ണായകമാണ്. ബിജു ശിവന്റെ സ്ഥാനാർഥിത്വം സംഘാടനത്തിലും കമ്മ്യൂണിറ്റി ബന്ധങ്ങളിലും ടീം യുണൈറ്റഡിന് വലിയ കരുത്ത് നൽകുന്നു.
തിരഞ്ഞെടുപ്പ് വിവരങ്ങൾ: “നേരാണ് പാത, നന്മയാണ് ലക്ഷ്യം” എന്ന മുദ്രാവാക്യവുമായി എത്തുന്ന ‘ടീം യുണൈറ്റഡ്’ പാനലിൽ റോയ് മാത്യു (പ്രസിഡന്റ്), ക്ലാരമ്മ മാത്യൂസ് (ട്രസ്റ്റി ബോർഡ്) എന്നിവർക്കൊപ്പം വിനോദ് ചെറിയാൻ, സന്തോഷ് ആറ്റുപുറം, ഡോ. സുബിൻ ബാലകൃഷ്ണൻ, ജീവൻ സൈമൺ, സാജൻ ജോൺ, മൈക്കിൾ ജോയ്, ഷിനു എബ്രഹാം, സുനിൽ തങ്കപ്പൻ, അനില സന്ദീപ്, അമ്പിളി ആന്റണി, ബിജു ശിവൻ, ബനീജ ചെറു, ജിൻസ് മാത്യു, ഡെന്നിസ് മാത്യു തുടങ്ങിയ പ്രഗത്ഭരായ സ്ഥാനാർത്ഥികൾ അണിനിരക്കുന്നു. 2025 ഡിസംബർ 13-ന് ശനിയാഴ്ച സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ (2411 5th St, Stafford, TX 77477) വെച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.



