Wednesday, December 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമാഗ് തെരഞ്ഞെടുപ്പ്: വികസന കാഴ്ചപ്പാടുകൾ പങ്കുവെച്ച് ടീം യുണൈറ്റഡ്; സംവാദ വേദിയിൽ നിന്നും വിട്ടുനിന്ന് ടീം...

മാഗ് തെരഞ്ഞെടുപ്പ്: വികസന കാഴ്ചപ്പാടുകൾ പങ്കുവെച്ച് ടീം യുണൈറ്റഡ്; സംവാദ വേദിയിൽ നിന്നും വിട്ടുനിന്ന് ടീം ഹാർമണി

അജു വാരിക്കാട്

സ്റ്റാഫോർഡ്: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) 2026-27 ഭരണസമിതി തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള ഡിബേറ്റ് ഫോറം യുഎസ്എ സംഘടിപ്പിച്ച ‘ഓപ്പൺ ഫോറം ആൻഡ് ഡിബേറ്റ്’ ജനപങ്കാളിത്തം കൊണ്ടും ഗൌരവമേറിയ ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായി. ഡിസംബർ 7 ഞായറാഴ്ച വൈകുന്നേരം സ്റ്റാഫോർഡിലെ അപ്നാ ബസാറിൽ വെച്ച് നടന്ന പരിപാടിയിൽ ‘ടീം യുണൈറ്റഡ്’ തങ്ങളുടെ വികസന രേഖകളും നിലപാടുകളും വ്യക്തമാക്കിയപ്പോൾ, എതിർ പാനലായ ‘ടീം ഹാർമണി’ പരിപാടിയിൽ നിന്നും വിട്ടുനിന്നു.

ശ്രീ. എ.സി. ജോർജിന്റെ (കേരള ഡിബേറ്റ് ഫോറം) അധ്യക്ഷതയിൽ നടന്ന സംവാദത്തിന് അനിൽ ജനാർദ്ധനൻ എം.സിയായി പ്രവർത്തിച്ചു. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് പരിപാടി വീക്ഷിക്കുന്നതിനായി ജി മാക്സ് ഫിലിംസിന്റെ (G-Max Films) ജോർജ്, സോണിയ എന്നിവർ ചേർന്ന് യൂട്യൂബിലൂടെ പരിപാടി തത്സമയം (Live Streaming) സംപ്രേക്ഷണം ചെയ്തു.

“നേരാണ് പാത, നന്മയാണ് ലക്ഷ്യം” എന്ന മുദ്രാവാക്യവുമായാണ് റോയി മാത്യുവിന്റെ നേതൃത്വത്തിലുള്ള ‘ടീം യുണൈറ്റഡ്’ വേദിയിലെത്തിയത്. സംഘടനയുടെ ചിരകാലാഭിലാഷമായ കമ്മ്യൂണിറ്റി സെന്റർ നിർമ്മാണത്തിന് ഒന്നര ഏക്കർ സ്ഥലം വാങ്ങിയത് വിപുലീകരിക്കുമെന്നും, സുതാര്യമായ ഭരണനിർവ്വഹണം ഉറപ്പുവരുത്തുമെന്നും പ്രസിഡന്റ് സ്ഥാനാർത്ഥി റോയി മാത്യു വ്യക്തമാക്കി. യുവാക്കളുടെയും സ്ത്രീകളുടെയും അനുഭവസമ്പത്തുള്ളവരുടെയും കൂട്ടായ്മയാണ് തങ്ങളുടെ പാനലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംവാദത്തിൽ നിന്ന് ഒളിച്ചോടിയ ‘ടീം ഹാർമണി’യുടെ നടപടിയെ മുൻ പ്രസിഡൻ്റ് വിനോദ് വാസുദേവൻ നിശിതമായി വിമർശിച്ചു. ജനാധിപത്യപരമായ തെരഞ്ഞെടുപ്പിൽ ചോദ്യങ്ങളെ ഭയക്കുന്നത് ശരിയല്ലെന്നും, ജാതി-മത കാർഡുകൾ ഇറക്കി വോട്ട് പിടിക്കുന്നത് സംഘടനയുടെ മതേതര സ്വഭാവത്തിന് ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2030 വരെയുള്ള ഭാരവാഹികളെ മുൻകൂട്ടി നിശ്ചയിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ടീം യുണൈറ്റഡ് സ്ഥാനാർത്ഥികളായ വിനോദ് ചെറിയാൻ, ഡോ. സുബിൻ ബാലകൃഷ്ണൻ, ഷിനു എബ്രഹാം, സുനിൽ തങ്കപ്പൻ, അനില സന്ദീപ്, അമ്പിളി ആന്റണി, ജിൻസ് മാത്യു, ബിജു ശിവൻ, ഡെന്നീസ് മാത്യു തുടങ്ങിയവർ മറുപടി നൽകി. സംഘടനയിൽ സ്ത്രീകളുടെ പ്രാതിനിധ്യം കുറവാണെന്ന വിമർശനത്തിന്, ഇത്തവണ കൂടുതൽ സ്ത്രീകൾ മത്സരരംഗത്തുണ്ടെന്നും, സാംസ്കാരിക വേദികളിൽ സ്ത്രീകളാണ് മുന്നിലെന്നും സ്ഥാനാർത്ഥികൾ മറുപടി നൽകി. സാമ്പത്തിക അച്ചടക്കം, അംഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ, യുവതലമുറയെ ആകർഷിക്കാനുള്ള പദ്ധതികൾ എന്നിവയും ചർച്ചയായി.

ജയിച്ചാലും തോറ്റാലും സംഘടനയുടെ നന്മയ്ക്കായി എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന് മുൻ പ്രസിഡന്റും ഫോർട്ട് ബെൻഡ് കൗണ്ടിയിലെ ജഡ്ജിയുമായ സുരേന്ദ്രൻ പട്ടേൽ ഓർമ്മിപ്പിച്ചു. ജോജി ജോസഫ്, തോമസ് ചെറുകര, ഫിലിപ്പ് എബ്രഹാം തുടങ്ങിയ മുൻ ഭാരവാഹികളും ചർച്ചയിൽ പങ്കെടുത്തു.

സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഷാജു കരുത്തിതോമസും സംവാദത്തിൽ പങ്കെടുത്ത് തന്റെ നിലപാടുകൾ അറിയിച്ചു. എതിർ പാനൽ എത്തിയില്ലെങ്കിലും, ജനാധിപത്യപരമായ രീതിയിൽ വോട്ടർമാർക്ക് കാര്യങ്ങൾ വിലയിരുത്താൻ ഇത്തരം വേദികൾ അനിവാര്യമാണെന്ന് മോഡറേറ്റർ എ.സി. ജോർജ് പറഞ്ഞു. ഡിസംബർ 13-നാണ് തെരഞ്ഞെടുപ്പ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments