മിസ്സിസാഗ: കാനഡയിൽ പ്രഥമ സന്ദർശനം നടത്തുന്ന മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് ജോസഫ് ബാവയുമായുള്ള Meet and Greet പരിപാടി മിസ്സിസാഗയിൽ നടന്നു. മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നോർത്ത് അമേരിക്കൻ അതിഭദ്രസനത്തിന്റെ കീഴിലുള്ള കാനഡ റീജിയണിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ശ്രേഷ്ഠ ബാവായെ നേരിൽ കണ്ടു അനുമോദിക്കുവാനും വിശേഷങ്ങൾ പങ്കുവയ്ക്കുവാനുമായി കാനഡയുടെ വിവിധ സാമൂഹ്യ-രാഷ്ട്രീയ മേഖലയിലെ പ്രമുഖരുമെത്തി. പത്ര മാധ്യമ പ്രതിനിധികളും, പുരോഹിതരും കാനഡയിലെ വിവിധ ദൈവാലയങ്ങളിലെ ഭരണസമിതി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ബിജു ജോർജ്, ടോമി കൊക്കാട്, ബേബി തരിയത്ത് എന്നിവരെ കാനഡ റീജിയണിനു വേണ്ടി ശ്രേഷ്‌ഠ ബാവ പൊന്നട അണിയിച്ച് ആദരിക്കുകയും ചെയ്തു.
കാനഡയിലെ വിവിധ സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചകളും അതിനോടനുബന്ധമായി ശ്രേഷ്ഠ ബാവായുടെ കാഴ്ചപ്പാടുകളും യോഗത്തിൽ പങ്കുവയ്ക്കപ്പെട്ടു. കാനഡയിൽ പഠനത്തിനായി വരുന്ന യുവതീ-യുവാക്കളുടെ സാമൂഹിക ഉന്നമനത്തിനായി വിവിധ പദ്ധതികൾ രൂപവൽക്കരിക്കണമെന്നും ശ്രേഷ്ഠ ബാവ അഭിപ്രായപ്പെട്ടു. നോർത്ത് അമേരിക്കൻ അതിഭദ്രാസനാധിപൻ അഭിവന്ദ്യ യെൽദൊ മാർ തീത്തോസ് തിരുമേനിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സഭയുടെ കാനഡ മീഡിയ സെൽ കോർഡിനേറ്റർ വിജോ തുടിയൻ മോഡറേറ്ററായി. സഭയുടെ കാനഡ റീജിയൺ അഡ്മിനിസ്ട്രേറ്റർ Reverend Fr. എബി മാത്യു, കാനഡ റീജിയൻ Treasurer ജെനു മഠത്തിൽ എന്നിവർ പരിപാടികൾക്ക് ആവശ്യമായ നേതൃത്വം നൽകി. തുടർന്ന് ക്ഷണം സ്വീകരിച്ചെത്തിയ ഏവർക്കുമായി സ്‌നേഹവിരുന്നും നടന്നു.



