ആൾദൈവങ്ങൾക്കും ഭാവി പ്രവചനങ്ങൾക്കും എല്ലാക്കാലത്തും എവിടെയും സ്വീകാര്യത ലഭിക്കുന്നു. ഭാവിയെ കുറിച്ചുള്ള മനുഷ്യരുടെ ആശങ്കയും ഭയവുമാണ് ഇത്തരം ആളുകൾക്ക് സ്വീകാര്യത നേടിക്കൊടുക്കുന്നത്. ജാതകം നോക്കി കവടി നിരത്തി ഭാവി പറയുന്ന പരമ്പരാഗത ഇന്ത്യന്‍ ജ്യോതിഷികളോടൊപ്പം നില്‍ക്കുന്ന ജ്യോതിഷികൾ ലോകത്ത് പല ഭാഗങ്ങളിലുമുണ്ട്. അവരുടെ ഭാവി പ്രവചന രീതികളില്‍ വ്യത്യാസങ്ങളുണ്ടാകാമെന്ന് മാത്രം. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു ഭാവി പ്രവചന വീഡിയോ കാഴ്ചക്കാരെ ഏറെ ആകർഷിച്ചു.
സ്വയം പ്രഖ്യാപിത സമയ സഞ്ചാരിയായ എൽവിസ് തോംസൺ എന്നയാളുടെ 2025 നെ കുറിച്ചുള്ള പ്രവചനങ്ങളുടെ വീഡിയോ ആയിരുന്നു അത്. 2025-ൽ സംഭവിക്കാനിടയുള്ള അഞ്ച് ദുരന്തങ്ങൾ ഏതൊക്കെ ദിവസങ്ങളില്‍ സംഭവിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രവചനം. ഈ പ്രവചന വീഡിയോ എൽവിസ് തോംസൺ ജനുവരി ഒന്നാം തിയതി തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവച്ചത്.
ഏപ്രിൽ 6 -ന് 24 കിലോമീറ്റർ വീതിയും മണിക്കൂറിൽ 1,046 കിലോമീറ്റർ വേഗതയുമുള്ള ഒരു ചുഴലിക്കാറ്റ് അമേരിക്കയിലെ ഒക്ലഹോമയെ നശിപ്പിക്കുമെന്നായിരുന്നു തോംസണിന്‍റെ ആദ്യ പ്രവചനം. മെയ് 27 -ന് ഒരു രണ്ടാം അമേരിക്കൻ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുമെന്നും അത് ടെക്സസിന്‍റെ വേർപിരിയലിലേക്ക് നയിക്കുമെന്നും ആണവായുധങ്ങൾ ഉൾപ്പെടുന്ന ഒരു മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാവുകയും ഒടുവിൽ അമേരിക്കയെ സർവ്വ നാശത്തിലേക്ക് തള്ളിവിടുമെന്നും എൽവിസ് തോംസൺ അവകാശപ്പെട്ടു.