Tuesday, December 9, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaയു.എൻ സഭയിൽ വൈസ്‌മെൻ ഇൻറർനാഷനൽ അമേരിക്കൻ പ്രതിനിധിയായി ന്യൂയോർക്കിൽ നിന്നും സിബി ഡേവിഡിനെ തെരഞ്ഞെടുത്തു

യു.എൻ സഭയിൽ വൈസ്‌മെൻ ഇൻറർനാഷനൽ അമേരിക്കൻ പ്രതിനിധിയായി ന്യൂയോർക്കിൽ നിന്നും സിബി ഡേവിഡിനെ തെരഞ്ഞെടുത്തു

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: യുവശാക്തീകരണം, സാമൂഹിക വികസനം, മനുഷ്യസേവനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഫോറത്തിലേക്ക് അമേരിക്കയിലെ വൈസ്‌മെൻ ഇന്റർനാഷണൽ ക്ലബ്ബിനെ (Y’s Men International Club) 2026-ൽ പ്രതിനിധീകരിക്കുന്നതിനായി ന്യൂയോർക്കിൽ നിന്നും മലയാളിയായ തോമസ് ഡേവിഡ് (സിബി ഡേവിഡ്) തെരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള വിവിധ ഇന്റർനാഷണൽ സാമൂഹിക സേവന സംഘടനകളിൽ നിന്നുള്ള പ്രതിനിധികളാണ് പ്രസ്തുത ഫോറത്തിൽ പ്രവർത്തിക്കുന്നത്. ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് വൈസ്‌മെൻ ഇന്റർനാഷണൽ ക്ലബ്ബിലെ (Long Island Y’s Men International Club) അംഗമായ സിബി ഡേവിഡ് മലയാളികളുടെ ഇടയിൽ അറിയപ്പെടുന്ന ഒരു കലാസ്നേഹി കൂടിയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി പ്രവൃത്തിക്കുന്ന “കലാവേദി” എന്ന കലാ-സാംസ്കാരിക സംഘടനയുടെ സ്ഥാപക ചെയർമാനായ സിബി കലാവാസനയുള്ള യുവാക്കളെയും യുവ-ഗായകരെയും നവ-സംഗീതജ്ഞരെയും കലാവേദിയുടെ വിവിധ പരിപാടികളിലൂടെ സമൂഹത്തിലെ മുഖ്യധാരയിലേക്ക് പിടിച്ചുയർത്തുന്നതിൽ മുൻകൈ എടുത്തു പ്രവർത്തിക്കുന്ന വ്യക്തിയാണ്.

ആഗോള തലത്തിൽ എല്ലാ ഭൂഘണ്ഡങ്ങളിലുമുള്ള വിവിധ Y’s-Men ക്ലബ്ബുകളിൽ നിന്നും Y’s-Men International ഐക്യരാഷ്ട്ര സഭയിലേക്ക് നിയോഗിച്ച ഒൻപതംഗ അന്താരാഷ്ട്ര ടീമിൽ അമേരിക്കയെ പ്രതിനിധീകരിക്കുന്ന ഏക പ്രതിനിധിയാണ് സിബി. യുവാക്കളുടെ ഉന്നമനത്തിനും, സാമൂഹിക വികസനത്തിനും, മനുഷ്യ സേവനത്തിനും ഐക്യരാഷ്ട്ര സഭയിൽ നടക്കുന്ന വിവിധ സെമിനാറുകളിലും നിരവധി ഫോറങ്ങളിലെ ചർച്ചകളിലും അന്താരാഷ്ട്ര പ്രതിനിധികളോടൊപ്പം പങ്കെടുക്കുന്നതിനും സംവാദിക്കുന്നതിനും ഉള്ള അവസരങ്ങളാണ് അടുത്ത ഒരു വർഷത്തേക്ക് ലഭിക്കുന്നത്. Y’s-Men ഇന്റർനാഷനലിൽ ദീർഘ കാലമായി അംഗമായി സേവനം അനുഷ്ടിക്കുന്നതിന്റെ അംഗീകാരമായാണ് ഈ ചുമതല സിബിക്ക് ലഭിച്ചത്.

“ഇങ്ങനെയൊരു ചുമതല ലഭിച്ചതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. വലിയ അഭിമാനത്തോടെയാണ് Y’s-Men ഇന്റർനാഷണലിനെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്ര സഭയിൽ അമേരിക്കൻ സമൂഹത്തിൻറെ ശബ്ദമായി പ്രവർത്തിക്കുവാൻ ലഭിച്ച ഈ അവസരത്തെ ഞാൻ നോക്കി കാണുന്നത്. യുവാക്കളുടെ ഉന്നമനത്തിനും സാമൂഹിക വികസനത്തിനും ഉതകുന്ന എല്ലാ സാധ്യതകളെയും പ്രയോജനപ്പെടുത്തുവാൻ ഈ അവസരം ഞാൻ ഉപയോഗിക്കും” സ്ഥാനലബ്ധിക്ക് ശേഷം സിബി പറഞ്ഞു.

YMCA എന്ന പ്രസ്ഥാനത്തെ തുണയ്ക്കുവാൻ 1922-ൽ ഒഹായോയിലെ ടോളിഡോയിൽ ജഡ്‌ജ്‌ പോൾ വില്യം അലക്സാണ്ടർ സ്ഥാപിച്ച പ്രസ്ഥാനമാണ് Y’s-Men International. നേതൃവികസനം സാംസ്കാരിക ബോധവൽക്കരണം സമൂഹങ്ങളെ ശക്തിപ്പെടുത്തൽ എന്നിവക്കാണ് Y’s-Men ഊന്നൽ കൊടുക്കുന്നത്. 82-ലധികം രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഒരു ആഗോള പ്രസ്ഥാനമാണ് Y’s-Men International. “ഒരോ അവകാശത്തിനും അനുബന്ധമായ കടമകളെ അംഗീകരിക്കുക” എന്നതാണ് Y’s Men International-ന്റെ ദീർഘകാല ദൗത്യത്തെ പ്രതിഫലിപ്പിക്കുന്ന ആപ്‌തവാക്യം.

മലയാളിയായ സിബി ഡേവിഡിന് ഐക്യരാഷ്ട്ര സഭയിലെ ഇത്തരം ഒരു വേദിയിൽ പ്രതിനിധിയാകുവാൻ അവസരം ലഭിച്ചതിൽ മലയാളികളായ നമുക്കോരോരുത്തർക്കും അഭിമാനിക്കാം. മലയാളീ സമൂഹത്തിൻറെ കൂടി ശബ്ദമാകുവാൻ സിബിക്ക് സാധിക്കട്ടെ എന്ന് ആശംസിക്കാം. ന്യൂയോർക്ക് സിറ്റി ഡിപ്പാർട്മെൻറ് ഓഫ് ട്രാൻസ്പോർട്ടേഷനിൽ (NY City DOT) ട്രാഫിക് സിഗ്നൽ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് സിബി ഡേവിഡ് എന്നറിയപ്പെടുന്ന തോമസ് ഡേവിഡ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments