ചിക്കാഗോ: മലയാളികൾക്കെല്ലാം അഭിമാനമായി ലിറ്റ്സി കുരിശുങ്കൽ ഇല്ലിനോയ്സ് ഡിസ്ട്രിക്ട് 12 ൽ (Goldcoast, Lincoln Park, Lakeview) നിന്നു സ്റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിക്കുന്നു.
കേംബ്രിഡ്ജ്, ഹാർവാർഡ് സർവ്വകലാശാലകളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ലിറ്റ്സി കുരിശുങ്കൽ പൊളിറ്റിക്കൽ ആക്റ്റിവിസ്റ്റ്, ഹ്യുമൻ റൈറ്റ്സ് പ്രൊഫഷനൽ എന്നീ നിലകളിൽ ശ്രദ്ധേയ ആണ് . കമലാ ഹാരിസിന്റെയും അതിനു മുൻപ് ജോ ബൈഡന്റെയും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നേതൃ രംഗത്ത് പ്രവർത്തിച്ചു.
2022-ലെ മിഡ് ടേം ഇലക്ഷനിൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇല്ലിനോയ് റീജ്യനൽ ഓർഗനൈസിങ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റിക് ഓർഗനൈസേഷൻ, ഹാർവാർഡ് വിമൻ ഫോർ ഡിഫൻസ്, ഡിപ്ലോമസി ആൻഡ് ഡവലപ്പ്മെന്റ് (W3D) എന്നിവയുടെ ബോർഡ് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.
സെനറ്റർ റാം വിലിവാലവും സ്റ്റേറ്റ് പ്രതിനിധി തെരേസ മഹും നേതൃത്വം നൽകുന്ന ഏഷ്യൻ അമേരിക്കൻ നിയമനിർമ്മാണ കോക്കസ് ലിറ്റ്സിയെ എൻഡോഴ്സ് ചെയ്തിട്ടുണ്ട്.
ഹാർവാർഡ് ക്ലബ് ഓഫ് ഷിക്കാഗോയുടെ ബോർഡ് അംഗമായി പ്രവർത്തിച്ചു വരുന്ന ലിറ്റ്‌സി ബാലതൊഴിലിനെതിരെ നോബൽ സമാധാന പുരസ്കാര ജേതാവ് കൈലാഷ് സത്യാർത്ഥിയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര തൊഴിൽ സംഘടനയും (UN & ILO) നടത്തുന്ന പദ്ധതികളിലും സേവനമനുഷ്ഠിച്ചു.
പ്രസിഡന്ടുമാരായ എബ്രാഹം ലിങ്കണും ബറാക്ക് ഒബാമയും തങ്ങളുടെ രാഷ്ട്രീയ, നിയമ നിർമ്മാണ സഭാ പ്രവർത്തനങ്ങളുടെ പ്രാരംഭം കുറിച്ച ഇല്ലിനോയ്സ് അസംബ്ലിയിലേക്ക് ഏറ്റവും പുരോഗമന കാഴ്ചപ്പാടുകളുള്ള ലിറ്റ്സി കുരിരിശുങ്കലിൻ്റെ വിജയം മലയാളി സമൂഹത്തിനു നേട്ടമാകുമെന്നുറപ്പ്.
ലിറ്റ്സിയുടെ വിജയത്തിനായി ഇൻഡ്യൻ സമൂഹം ഒന്നായി തന്നെ പ്രവർത്തിച്ചു വരുന്നു. മുൻ ഫൊക്കാന എക്സിക്കുട്ടീവ് വൈസ് പ്രസിഡൻ്റ് ജെയ്ബു കുളങ്ങര, മുൻ ഫോമാ വൈസ് പ്രസിഡൻ്റ് സണ്ണി വള്ളിക്കളം, ഇൻഡ്യാ പ്രസ് ക്ലബ്ബ് മുൻ പ്രസിഡൻ്റ് ബിജൂ കിഴക്കേക്കുറ്റ്, സ്ക്കറിയാകുട്ടി തോമസ്, റ്റോമി മെതിപ്പാറ, പിറ്റർ കുളങ്ങര,ജോൺ പട്ടപതി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഫണ്ട് റെയ്‌സിംഗ് , കാമ്പയിൻ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.
ഒക്‌ടോബർ 17 വെളളി വൈകുന്നേരം 7:00 മണിക്ക് മോർട്ടൻ ഗ്രോവ് സെൻ്റ് മേരീസ് ക്നാനായ പള്ളി ഹാളിൽ വിപുലമായ കാമ്പയിൻ, ഫണ്ട് റെയ്‌സിംങ്ങ് സമ്മേളനം നടക്കുന്നു. പ്രസ്തുത സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കോർഡിനേറ്റിംഗ് കമ്മറ്റിയംഗങ്ങൾ അറിയിക്കുന്നു.



