കൊച്ചി : കാനഡയിൽ പരിശീലനപ്പറക്കലിനിടെ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി ഫ്ലയിങ് സ്കൂൾ വിദ്യാർഥിയടക്കം 2 പേർ മരിച്ചു. തൃപ്പൂണിത്തുറ സ്റ്റാച്യു ന്യൂ റോഡ് കൃഷ്ണ എൻക്ലേവ് 1എയിലെ ശ്രീഹരി സുകേഷും (23) കാനഡ സ്വദേശിയായ സഹപാഠി സാവന്ന മേയ് റോയ്സുമാണ് (20) മരിച്ചത്. സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥൻ സുകേഷിന്റെയും യുഎസ്ടി ഗ്ലോബൽ ഉദ്യോഗസ്ഥ ദീപയുടെയും മകനാണ് ശ്രീഹരി. സഹോദരി: സംയുക്ത.
കാനഡയിലെ മാനിടോബയിൽ സ്റ്റൈൻബാക് സൗത്ത് എയർപോർട്ടിനു സമീപം പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 8.45നായിരുന്നു അപകടം. 2 സെസ്ന വിമാനങ്ങളിലും പൈലറ്റുമാർ മാത്രമാണുണ്ടായിരുന്നത്. സ്വകാര്യ പൈലറ്റ് ലൈസൻസ് നേടിയ ശ്രീഹരി കമേഴ്സ്യൽ ലൈസൻസിനുള്ള പരിശീലനത്തിലായിരുന്നു. സ്വകാര്യ പൈലറ്റ് ലൈസൻസിനുള്ള പരിശീലനത്തിലായിരുന്നു സാവന്ന.
ഒരേസമയം പറന്നിറങ്ങാൻ
റൺവേയിലേക്കു പറന്നിറങ്ങി പൊടുന്നനെ വീണ്ടും പറന്നുയരുന്നതിനുള്ള പരിശീലനത്തിനിടെയാണ് ശ്രീഹരിയുടെയും സാവന്നയുടെയും വിമാനങ്ങൾ ആകാശത്തു കൂട്ടിയിടിച്ചതെന്ന് ഇരുവരും പഠിച്ചിരുന്ന ഹാർവ്സ് എയർ പൈലറ്റ് ട്രെയ്നിങ് സ്കൂളിന്റെ പ്രസിഡന്റ് ആഡം പെന്നർ പറഞ്ഞു.
ആശയവിനിമയ സംവിധാനങ്ങളിലെ പിഴവു മൂലം 2 പൈലറ്റുമാർക്കും എതിർദിശയിലെത്തിയ വിമാനം കാണാനായില്ലെന്നാണു പ്രാഥമിക വിലയിരുത്തൽ. കൂട്ടിയിടിച്ച വിമാനങ്ങൾ തീപിടിച്ച് എയർ സ്ട്രിപ്പിനു 400 മീറ്റർ അകലെ പാടത്തു തകർന്നുവീണു.



