ഡാളസ്സ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ വി. കാർലോ അക്യൂട്ടിസിന്റെ തിരുനാൾ ദിനത്തിൽ യുവജനകൂട്ടായ്മ വിജയകരമായി നടത്തപ്പെട്ടു. അന്നേ ദിവസം യുവജനങ്ങൾക്കായി വി.കുർബാനയും ആരാധനയും പ്രത്യേകമായി നടത്തപ്പെട്ടു. തുടർന്ന് ഇടവക ഹാളിൽ പുതുമയാർന്ന മത്സരങ്ങളും വിശ്വാസബന്ധിയായ ചർച്ചകളും സ്നേഹവിരുന്നും നടത്തപ്പെട്ടു.

യൂത്ത് മിനിസ്ട്രി എക്സിക്യൂട്ടിവ് അംഗങ്ങളുടെ നേതൃത്വത്തിൽ ഏറെ ചിട്ടയോടെ ഒരുങ്ങി നടത്തപ്പെട്ട കൂട്ടായ്മ ഏവർക്കും ഹൃദ്യമായ അനുഭമായിരുന്നു. ആധുനിക കാലഘട്ടത്തിൽ നാം വാച്ച് ചെയ്യുന്നതും സേർച്ച് ചെയ്യുന്നതും വിശുദ്ധമാകണം എന്ന് വിശുദ്ധന്റെ തിരുന്നാൾ ഓർമ്മപ്പെടുത്തുന്നു എന്ന് വികാരി ഫാ. ബിൻസ് ചേത്തലിൽ തന്റെ സന്ദേശത്തിൽ ഓർമ്മപ്പെടുത്തി. പങ്കെടുത്തവരെയും പിന്നിൽ പ്രവർത്തിച്ചവരെയും പ്രത്യേകം അഭിനന്ദിച്ചു.




